'ആര് ശിക്ഷിക്കപ്പെടണം എന്നതല്ല, അതിജീവിതക്ക് നീതി ലഭിക്കണം'; നടന്‍ ആസിഫലി
വിധിയെപ്പറ്റി അഭിപ്രായം പറഞ്ഞാൽ കോടതി നിന്ദയാകുമെന്നും ആസിഫലി
തൊടുപുഴ: നടിയെ ആക്രമിച്ച കേസിൽ കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫലി. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നാണ് തന്‍റെ നിലപാട്.അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ലെന്നും അദ്ദേഹം വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
'അതിജീവിത എന്റെ സഹപ്രവർത്തകയാണ്,വളരെ അടുത്ത സുഹൃത്താണ്. അവർക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ എന്ത് പകരം കൊടുത്താലും മതിയാവില്ല.നീതി കിട്ടണം. വിധി എന്താണെങ്കിലും സ്വീകരിക്കണം. കോടതി വിധിയെ മാനിക്കുന്നു.അതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് കോടതി നിന്ദയാകും. ഏത് സമയത്തും അതിജീവിതക്കൊപ്പമാണ്'.. ആസിഫ് പറഞ്ഞു.
'കേസിലെ ശിക്ഷയെക്കുറിച്ചോ,വിധിയെക്കുറിച്ചോ പറയുന്നതിൽ ഞാൻ ആളല്ല,വളരെ കരുതലോടെ പ്രതികരിക്കണം എന്ന് എല്ലാവരും കരുതുന്നു. പലപ്പോഴും പറഞ്ഞത് സൈബർ ആക്രമണത്തിലേക്ക് നയിച്ചിട്ടുണ്ട്. ആരോപിതനെ പുറത്താക്കിയിട്ടുണ്ടെങ്കിൽ കോടതി വിധി വന്നെങ്കിൽ അതിനനുസരിച്ചുള്ള തീരുമാനം സംഘടന എടുക്കും.ആരോപിതനെ സംഘടനകളിലേക്ക് തിരിച്ചെടുക്കുന്നത് സ്വാഭാവിക നടപടിയാണ്.' ആസിഫലി പറഞ്ഞു.