അപ്പോളോ ഫാർമസിയുടെ പേരിൽ വ്യാജ ക്യൂ ആർ കോഡ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം; അനുഭവം പങ്കുവച്ച് മാധ്യമപ്രവര്‍ത്തകൻ

പൂനെയിലെ അപ്പോളോ ഫാർമസിയുടെ പ്രധാന ഓഫീസിലെ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തി സഞ്ജീവ് കുമാർ എന്നയാൾ വിളിക്കുന്നു

Update: 2025-04-22 03:23 GMT
Editor : Jaisy Thomas | By : Web Desk

കോഴിക്കോട്: പലതരം തട്ടിപ്പുകളാണ് ഓൺലൈൻ വഴി നടക്കുന്നത്. അക്കൗണ്ടിൽ നിന്നും വൻതുക അപ്രത്യക്ഷമാകുമ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. മരുന്നുകളുടെ പേരിലും ഇത്തരം ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാണ്. അപ്പോളോ ഫാർമസിയുടെ ആപ്പിൽ നിന്നും പണം അടച്ച ശേഷം രണ്ട് ഗുളികകൾ ഓര്‍ഡര്‍ ചെയ്തിനു ശേഷമുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ കെ.എ ഷാജി. അപ്പോളോ ഫാർമസിയുടെ പേരിൽ വ്യാജ ക്യൂ ആർ കോഡ് ഉപയോഗിച്ചുകൊണ്ട് പണംതട്ടാൻ ശ്രമം നടന്നതായി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കെ.എ ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ്

Advertising
Advertising

ഇക്കഴിഞ്ഞ ഏപ്രിൽ 19നാണ് നാട്ടിലെ മെഡിക്കൽ ഷോപ്പുകളിൽ കിട്ടാഞ്ഞതും എന്നാൽ ഡോക്ടർ എഴുതി തന്നതുമായ രണ്ടു ഗുളികകൾ ഓൺലൈനിൽ അപ്പോളോ ഫാർമസിയുടെ ആപ്പിൽ പോയി ബുക്ക് ചെയ്തത്. മൂന്നുദിവസത്തിൽ ഗുളികകൾ കിട്ടും എന്ന വ്യവസ്ഥയിൽ ഡിസ്കൗണ്ടുകൾ കഴിഞ്ഞ ശേഷമുള്ള പതിനയ്യായിരത്തി നാനൂറ്റി എൺപത് രൂപ എന്ന തുക ഞാൻ ഓൺലൈനായി അടച്ചു. കാശ് കിട്ടി ബോധിച്ചതായും പറഞ്ഞ പ്രകാരം ആന്ധ്രാപ്രദേശിലെ കൃഷ്ണലങ്കയിൽ ഉള്ള അപ്പോളോ ഫാർമസിയിൽ നിന്നും മരുന്നെത്തുമെന്നും അറിയിപ്പുണ്ടായി. ഞാൻ സമാദാനമായി കിടന്നുറങ്ങി.

പിറ്റേന്നാണ് ട്വിസ്റ്റോഡ്ഡ് ട്വിസ്റ്റ്. രാവിലെ പൂനെയിലെ അപ്പോളോ ഫാർമസിയുടെ പ്രധാന ഓഫീസിലെ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തി സഞ്ജീവ് കുമാർ എന്നയാൾ വിളിക്കുന്നു. ചില സാങ്കേതിക പ്രശ്നങ്ങളാൽ എന്‍റെ ഓർഡർ പ്രോസസ് ചെയ്യാൻ പറ്റില്ല എന്നും അടച്ച പണം മുഴുവനായും അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതായും പറഞ്ഞു. പറഞ്ഞതുപ്രകാരം അദ്ദേഹം തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. നമ്മൾ ഹാപ്പി. സാറിന് ഉടൻ മരുന്നുവേണ്ടേ എന്നും റീഓർഡർ ചെയ്താൽ മൂന്നു ദിവസത്തിൽ മരുന്ന് എത്തിക്കാമെന്നും പറഞ്ഞുകൊണ്ട് അയാൾ വീണ്ടും വിളിക്കുന്നു. ആപ്പ് വഴി റീഓർഡർ ചെയ്താൽ മിനിമം ഒരാഴ്ച താമസം എടുക്കുമെന്നും അതുകൊണ്ട് താൻ തരുന്ന ക്യൂആർ കോഡിൽ പണം അയച്ചാൽ മതിയെന്നും അയാൾ പറഞ്ഞപ്പോൾ എന്തോ കുഴപ്പം മണത്തു.

ഒടുവിൽ അയാൾ അയച്ച ക്യു ആർ കോഡിൽ അപ്പോളോ ഫാർമസി എന്നപേരില്ല. എന്നോട് സംസാരിച്ചത് സഞ്ജീവ് കുമാർ ആണെങ്കിലും അയച്ചു കിട്ടിയ ഇൻഡസ് ഇൻഡ് ബാങ്കിന്റെ കോഡിൽ ഉള്ളത് അഭിഷേക് സിംഗ് എന്ന പേര്. റീഓർഡർ ആ കോഡിൽ ചെയ്യില്ല എന്ന് ഞാൻ നിശ്ചയിച്ചു. അതിനുശേഷം ഏതാണ്ട് പതിനാറ് ഫോൺ കോളുകൾ വന്നു. നിങ്ങൾക്ക് ഈ കോഡ് ഉപയോഗിച്ച് ക്യാഷ് അടച്ചില്ലെങ്കിൽ ഇന്ത്യയിൽ തന്നെ ആ മരുന്നുകൾ കിട്ടില്ലെന്ന്‌ പറഞ്ഞുകൊണ്ട്. അയക്കുന്നില്ല എന്ന നിലപാട് ശക്തമാക്കിയപ്പോൾ രണ്ടായിരം രൂപ എങ്കിലും അഡ്വാൻസ് ചെയ്യാനായി നിർദേശം. അതോടെ കാര്യം മൊത്തം മനസ്സിലായി. പൊലീസിൽ പരാതിപ്പെടാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ ഹിന്ദിയിൽ പുളിച്ച തെറിവിളിച്ചുകൊണ്ട് അവർ ഫോൺ വച്ചു.

വിവരം രാജ്യത്തെ പ്രമുഖ ആരോഗ്യകച്ചവടക്കാരായ അപ്പോളോ മുതലാളിമാർ അറിഞ്ഞിരിക്കണം എന്ന തോന്നലിൽ കസ്റ്റമർ കെയറിൽ വിളിച്ചു. തട്ടിപ്പുകാർ വട്ടം ചുറ്റുന്നുണ്ടെന്ന് അവർക്ക് നിലവിൽ അറിവുണ്ടത്രേ. നല്ലത്. നിങ്ങളുടെ ആദ്യ ഓർഡർ നിങ്ങൾ തന്നെയാണ് ക്യാൻസൽ ചെയ്തത് എന്ന് പറഞ്ഞപ്പോൾ ഞാൻ ക്ഷോഭിച്ചു. എന്തായാലും മൊത്തം പണം അക്കൗണ്ടിൽ വന്നല്ലോ എന്ന് പറഞ്ഞുകൊണ്ട് അവർ ആശ്വസിപ്പിച്ചു. വ്യാജ ക്യൂ ആർ കോഡ് ഉപയോഗിച്ചുകൊണ്ട് പണംതട്ടാൻ നടത്തിയ ശ്രമത്തെ കുറിച്ച് പറഞ്ഞപ്പോൾ വിശദമായി അന്വേഷിച്ചു നടപടി അറിയിക്കുമെന്ന് അറിയിച്ചു. ആ സംഭാഷണം നടന്നിട്ട് മൂന്നു ദിവസമായി. ഒരു വിവരവും ആരും വിളിച്ചു പറഞ്ഞില്ല. ഫ്രോഡുകളെ സൂക്ഷിക്കണം എന്ന ഒരറിയിപ്പ് മാത്രം ആപ്പിൾ ഇപ്പോൾ വരുന്നുണ്ട്. എല്ലാവരും സൂക്ഷിക്കുക. തട്ടിപ്പിന്‍റെ പുതിയ വഴികൾ. മരുന്ന് വാങ്ങുന്നവരെയും വെറുതെ വിടില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News