'മുസ്‌ലിം സഖാവ് എസ്ഡിപിഐ വിജയാഘോഷത്തിൽ പങ്കെടുത്താൽ നിങ്ങൾ എങ്ങനെ കാണും?'; സിപിഎം സ്ഥാനാർഥി ബിജെപി പ്രകടനത്തിൽ പങ്കെടുത്തതിൽ സുദേഷ് എം രഘു
മണ്ണാർക്കാട് നഗരസഭയിൽ തോറ്റ സിപിഎം സ്ഥാനാർഥി അഞ്ജു സന്ദീപ് ആണ് ബിജെപി പ്രകടനത്തിൽ പങ്കെടുത്തത്
കോഴിക്കോട്: മണ്ണാർക്കാട് നഗരസഭയിൽ തോറ്റ സിപിഎം സ്ഥാനാർഥി ബിജെപി പ്രകടനത്തിൽ പങ്കെടുത്തതിൽ പ്രതികരിച്ച് സാമുഹ്യപ്രവർത്തകൻ സുദേഷ് എം രഘു. ബിജെപി സ്ഥാനാർഥി കൂടപ്പിറപ്പിനെ പോലെയാണൈന്നും ക്ഷേത്രങ്ങളിൽ കൈകൊട്ടിക്കളിക്ക് ഒരുമിച്ച് പോകാറുണ്ടെന്നുമായിരുന്നു സിപിഎം സ്ഥാനാർഥിയായ അഞ്ജു സന്ദീപിന്റെ വിശദീകരണം. മുസ്‌ലിം വർഗീയതയെയും ഹിന്ദു വർഗീയതയെയും ഒരുപോലെ എതിർക്കണമെന്ന് പറയുമ്പോഴും ഹിന്ദു വർഗീയതയോട് മൃദുസമീപനമാണ് സിപിഎം സ്വീകരിക്കുന്നത് എന്ന് സുദേഷ് പറഞ്ഞു.
ഒരു മുസ്‌ലിം സഖാവ് ഇതുപോലെ, ഒരു എസ്ഡിപിഐക്കാരന്റെ വിജയാഘോഷത്തിൽ പങ്കെടുത്തിട്ടു വന്നാൽ നിങ്ങൾ എങ്ങനെ കാണും അതിനെ? അവർ തമ്മിൽ വ്യക്തി ബന്ധം ഉണ്ടെന്നു കൂടി പറഞ്ഞാലോ? 'നുഴഞ്ഞു കയറിയ മുസ്‌ലിം തീവ്രവാദി' ആയിട്ടല്ലാതെ, നിങ്ങൾക്കു പിന്നെ ആ സഖാവിനെ കാണാൻ കഴിയുമോ? 'ഗോലി മാരോ സാലോ കോ' എന്നു പൗരത്വ സമരക്കാരെപ്പറ്റി പ്രസംഗിച്ച അനുരാഗ് ഠാക്കൂറിനെ, 'സ്വന്തം സഹോദരനെപ്പോലെ' എന്നാണ് എം.ബി രാജേഷ് വിശേഷിപ്പിച്ചത്. സൗഹൃദം രാഷ്ട്രീയത്തിനതീതമാണെന്നും.
അവിടെയും എന്റെ മറ്റൊരു ചോദ്യമുണ്ട്. മൂവാറ്റുപുഴ അഷ്റഫ് മൗലവി തന്റെ സഹോദരനെപ്പോലെയാണെന്ന് എ.എ റഹീം പോസ്റ്റ് ഇടുന്നത് ഒന്നോർത്തു നോക്ക്? അല്ലെങ്കിൽ, ജയിലിൽക്കിടക്കുന്ന ഒരു പിഎഫ്‌ഐ നേതാവിനെ ഇതുപോലെ സഹോദര തുല്യനായിട്ട് റിയാസ് പറയുന്നത് ഓർത്തു നോക്കൂ? (ഒരിക്കലും റിയാസോ റഹീമോ അങ്ങനെ പറയില്ലെന്നതു വേറെ കാര്യം. മാത്രമല്ല, തങ്ങൾ നേരിടുന്ന സ്‌ക്രൂട്ടിനി എന്താണെന്ന് അവർക്കു ബോധ്യവുമുണ്ട് )
ബിജെപിക്കുള്ള ലെജിറ്റിമസി എന്നത് ഇവിടത്തെ ഒരു സൊകോൾഡ് 'മുസ്‌ലിം വർഗീയ പാർട്ടിക്കും' ഇല്ല എന്നത് സഖാക്കളും മറ്റു 'മതേതര' പാർട്ടിക്കാരും മനസ്സിലാക്കുന്ന അന്നേ, ഈ 'ഒരു പോലെ എതിർക്കൽ' പരിപാടി നിൽക്കൂ...സിപിഎമ്മിൽ നിൽക്കുന്ന ഹിന്ദു/ ക്രിസ്ത്യൻ വിഭാഗക്കാർക്കൊന്നും മുസ്ലിംകൾക്കുള്ള പോലെ ബിജെപി വിരോധം ഒന്നുമില്ലെന്നും പലർക്കും കക്ഷിരാഷ്ട്രീയം, ഒരു മമ്മൂട്ടി- മോഹൻലാൽ ഫാൻ ഫൈറ്റ് പോലത്തെ നേരംപോക്കുവിഷയമാണെന്നും കൂടി തിരിച്ചറിയേണ്ടതുണ്ടെന്നും സുദേഷ് എം രഘു പറഞ്ഞു.