'തട്ടമിട്ടതിന്റെ പേരിൽ ഒരു കൂട്ടുകാരിക്ക് പഠനം നിഷേധിച്ചെന്ന് കേട്ടപ്പോൾ പ്രതികരിക്കണമെന്ന് തോന്നി,സൗഹൃദത്തിന് മതമില്ലല്ലോ..' വൈറല്‍ പ്രസംഗത്തെക്കുറിച്ച് ആയിഷ ആനടിയില്‍
ഞങ്ങള്‍ കുട്ടികളല്ലേ..അതിൽ ഹിന്ദുവെന്നോ മുസ്‍ലിമെന്നോ ക്രിസ്ത്യനെന്നോ ഇല്ല,എല്ലാവരും കൂട്ടുകാരാണെന്നും ആയിഷ പറയുന്നു
photo| mediaone
കൊല്ലം: എറണാകുളത്ത് ശിരോവസ്ത്രത്തിന്‍റെ പേരില്‍ സ്കൂളിൽ നിന്ന് പുറത്താക്കിയ വിദ്യാർഥിയെ പിന്തുണച്ച് നാലാം ക്ലാസുകാരി നടത്തിയ പ്രസംഗം ആരും മറക്കാൻ ഇടയില്ല. മന്ത്രി ആർ.ബിന്ദുവിന്റെ സാന്നിധ്യത്തിലായിരുന്നു ശാസ്താംകോട്ട സ്വദേശി ആയിഷ ആനടിയിലിന്റെ വൈറൽ പ്രസംഗം.
ഞാൻ ഈ തട്ടമിട്ട എന്നെ കാണുമ്പോൾ വല്ല ഭയം തോന്നുന്നുണ്ടോ നിങ്ങൾക്ക്, പേടി തോന്നുന്നുണ്ടോ... ഉണ്ടെങ്കിൽ അതു നമ്മുടെ കാഴ്ചയുടേതല്ല, കാഴ്ചപ്പാടിന്റെ പ്രശ്നമാണ്, നാലാം ക്ലാസുകാരി ആയിഷ ആനടിയിൽ നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കാർണിവലിലാണ് മന്ത്രി ആർ.ബിന്ദുവിനൊപ്പം നിന്ന് ഒൻപത് വയസുകാരി സദസിനെ ഇളക്കിമറിച്ച പ്രസംഗം നടത്തിയത്.
ഞങ്ങള്‍ കുട്ടികളല്ലേ..അതിൽ ഹിന്ദുവെന്നോ മുസ്‍ലിമെന്നോ ക്രിസ്ത്യനെന്നോ ഇല്ല. എല്ലാ മതത്തിൽ പെട്ടവരും തനിക്ക് സുഹൃത്തുക്കളായിട്ടുണ്ടെന്നും മറ്റ് മതക്കാരെ കൂടി ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്താൽ, ലോകം തന്നെ നന്നാവുമെന്ന് അയിഷ മീഡിയവണിനോട് പറഞ്ഞു.
'തട്ടമിട്ടതിന്റെ പേരിൽ ഒരു കൂട്ടുകാരിക്ക് പഠനം നിഷേധിച്ചെന്ന് കേട്ടപ്പോൾ പ്രതികരിക്കണമെന്ന് തോന്നി,അങ്ങനെയാണ് ഞാനത് പറഞ്ഞത്. പ്രസംഗത്തിന്‍റെ ഇടയില്‍ അക്കാര്യം പറയണമെന്നുണ്ടായിരുന്നു. എന്നാൽ മറന്നുപോയി.പ്രസംഗം കഴിഞ്ഞ് നന്ദി പറഞ്ഞതിന് ശേഷം മന്ത്രി ബിന്ദു എന്നെ അഭിനന്ദിക്കാൻ വന്നപ്പോഴാണ് ആ കൂട്ടുകാരിയെക്കുറിച്ച് പറഞ്ഞത്..ആയിഷ പറയുന്നു..
'തട്ടമിട്ടതിന്റെ പേരിൽ പഠനം നിഷേധിച്ച ആ കൂട്ടുകാരിക്ക് വേണ്ടി ഞാനിത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ ഞാനിത്രയും നേരം എന്തിനാണ് പ്രസംഗിച്ചത്. വല്ല കാര്യമുണ്ടായിരുന്നോ. അവർക്ക് ഇഷ്ടമുള്ള ഡ്രസ് അവർ ധരിക്കട്ടെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ. ഒരിത്തിരി ദയ മതി. മറ്റുള്ള മതങ്ങളെയും കൂടി റെസ്പെക്ട് ചെയ്യുക. അത്രമതി ലോകം നന്നായിക്കൊള്ളും, താങ്ക് യു എന്ന് പറഞ്ഞാണ് ആയിഷ അന്ന് പ്രസംഗം നിർത്തിയത്.ആയിഷയെ അഭിനന്ദിച്ച് മന്ത്രി ആര്‍.ബിന്ദുവും ചേര്‍ത്ത് പിടിച്ചു.
ആയിഷക്ക് എല്ലാ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. കുട്ടികള്‍ ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്. പഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ പരിപാടിയിൽ ആയിഷ പ്രസംഗിച്ചത് മന്ത്രി ആർ.ബിന്ദു സ്വന്തം ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നു. അത് കണ്ടാണ് ഇരിങ്ങാലക്കുടയിലെ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്.അവളുടെ പ്രസംഗം ഇത്രയും വൈറലാകുമെന്നോ ചർച്ചയാകുമെന്നോ കരുതിയിരുന്നില്ല.. എന്ത് പ്രസംഗിക്കമെന്നതിന്‍റെ കണ്ടന്‍റ് മാത്രമേ ഞങ്ങൾ പറഞ്ഞുകൊടുക്കാറൊള്ളൂ. സ്വന്തമായ ശൈലിയിലാണ് ആയിഷ പ്രസംഗിക്കാറുള്ളത്..' പിതാവ് മീഡിയവണിനോട് പറഞ്ഞു.