കുഞ്ഞിനെ തട്ടികൊണ്ടു പോയ സംഭവം; ഉടൻ അന്വേഷണ റിപ്പോർട്ട് നല്‍കണമെന്ന് ആരോഗ്യ മന്ത്രി

വണ്ടിപ്പെരിയാര്‍ സ്വദേശികളായ ശ്രീജിത്തിന്‍റെയും അശ്വതിയുടെയും നവജാതശിശുവിനെയാണ് നീതു തട്ടിക്കൊണ്ടുപോയത്

Update: 2022-01-07 10:08 GMT
Advertising

കുഞ്ഞിനെ തട്ടികൊണ്ടു പോയ സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. വേഗത്തിൽ  അന്വേഷിച്ച് റിപ്പോർട്ട് നല്‍കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. 

ഇന്നലെ ഉച്ചയ്ക്ക് 2.45നാണ് സംഭവം. വണ്ടിപ്പെരിയാര്‍ സ്വദേശികളായ ശ്രീജിത്തിന്‍റെയും അശ്വതിയുടെയും നവജാതശിശുവിനെയാണ് നീതു തട്ടിക്കൊണ്ടുപോയത്. ശ്രീജിത്ത് പുറത്തുപോയപ്പോള്‍ നഴ്സിന്റെ വേഷത്തിൽ വാ‍ർഡിലെത്തിയ നീതു, കുഞ്ഞിന് മഞ്ഞനിറമുണ്ട് പരിശോധിക്കണം എന്നു പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. കുഞ്ഞിനെ തിരികെ കൊണ്ടുവരാതിരുന്നതോടെയാണ് തട്ടിപ്പ് വ്യക്തമായത്.

കുഞ്ഞുമായി താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയ നീതു ടാക്സിയിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണു പിടിയിലായത്. ആണ്‍സുഹൃത്ത് തരാനുള്ള ലക്ഷക്കണക്കിനു രൂപ തിരികെ വാങ്ങാനുള്ള തന്ത്രമായിരുന്നു കുഞ്ഞിനെ തട്ടിയെടുക്കലെന്നു നീതു പൊലീസിനോടു പറഞ്ഞു. താൻ പ്രസവിച്ച കുഞ്ഞാണെന്നു വിശ്വസിപ്പിച്ചു പണം തിരികെ വാങ്ങാനായിരുന്നു പദ്ധതിയെന്നാണ് മൊഴി. നീതു നേരത്തെ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭം അലസിയത് നീതു ഭര്‍ത്താവിനെ അറിയിച്ചു, ആണ്‍സുഹൃത്തിനെ അറിയിച്ചില്ല. താന്‍ കുഞ്ഞിനെ പ്രസവിച്ചെന്നും കുഞ്ഞ് ആണ്‍സുഹൃത്തിന്‍റേതാണെന്നും പറഞ്ഞ് ബ്ലാക് മെയില്‍ ചെയ്യാനായിരുന്നു നീതുവിന്‍റെ നീക്കം. താന്‍ വിവാഹമോചിതയാണെന്നാണ് നീതു ആണ്‍സുഹൃത്തിനെ വിശ്വസിപ്പിച്ചിരുന്നത്.

മെഡിക്കൽ കോളജിന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത് ആസൂത്രണം നടത്തിയ നീതു, പല തവണ ഗൈനക്കോളജി വിഭാഗത്തിലെത്തിയ ശേഷമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News