ബാർക് തട്ടിപ്പ്: റിപ്പോർട്ടർ ചാനൽ ഉടമക്കെതിരെ കേസ്

ബാർക് സീനിയർ മാനേജർ പ്രേംനാഥിനെതിരെയും കേസെടുത്തു

Update: 2025-12-02 09:02 GMT

കൊച്ചി: ബാർക്കിൽ ചാനൽ റേറ്റിങ് ഉയർത്തിക്കാട്ടാൻ തിരിമറി നടത്തി തട്ടിപ്പ് നടത്തിയ കേസിൽ റിപ്പോർട്ടർ ചാനൽ ഉടമക്കെതിരെ കേസ്. ബാർക് സീനിയർ മാനേജർ പ്രേംനാഥിനെതിരെയും കേസെടുത്തു. 24  ന്യൂസ് ചാനലിലെ സീനിയർ ന്യൂസ് ഹെഡ് ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിലാണ്  കളമ​​ശ്ശേരി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4), 336(3), 340 (2), 3(5) വകുപ്പുകൾ ചുമത്തിയാണ്  പൊലീസ് കേസെടുത്തത്.

ഒന്നാം പ്രതിയായ ബാർക് സീനിയർ മാനേജർ പ്രേംനാഥ് റേറ്റിംഗ് ഡാറ്റയിൽ തിരിമറി നടത്തുകയും രണ്ടാം പ്രതിയായ റിപ്പോർട്ടർ ചാനൽ ഉടമക്ക് ബാർക് മീറ്റർ സംബന്ധിച്ച രഹസ്യ വിവരങ്ങൾ കൈമാറുകയും ചെയ്തു. 2025 ജൂലൈ മുതൽ പരാതിക്കാരന്റെ റേറ്റിംഗ് കുറച്ചു കാണിച്ചും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ചാനൽ ഉടമയുടെ റേറ്റിംഗ് ഉയർത്തി കാണിച്ചും പരസ്യ കമ്പനികളിൽ നിന്നുള്ള പരസ്യങ്ങൾ ലഭിക്കാതിരിക്കാൻ ഇടയാക്കിയെന്നും ഇത് മൂലം പരാതിക്കാരന്റെ ചാനലിന് 15 കോടിയുടെ നഷ്ടമുണ്ടായതായി മൊഴി. 

Advertising
Advertising

കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റും 24 ന്യൂസ് ചാനൽ എംഡിയുമായ ശ്രീകണ്ഠൻ നായർ ബാർക് റേറ്റിംഗിൽ സംഘടിതമായി തട്ടിപ്പ് നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു. ഇതിനായി ക്രിപ്റ്റോ കറൻസി വഴി വലിയ തോതിൽ കള്ളപ്പണം ഒഴുക്കിയതായും അദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പു​റമെയാണ്  24 ചാനലിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ശ്രീകണ്ഠൻ നായർ നൽകിയ പരാതിയിൽ  റേറ്റിങ്ങിൽ കൃത്രിമത്വം നടത്താൻ ബാർക് ഉദ്യോഗസ്ഥൻ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും കേബിൾ ചാനൽ ഉടമകളെ സ്വാധീനിച്ചും വൻ തുക നൽകിയും ലാൻഡിങ് പേജ് കരസ്ഥമാക്കുന്നതിനെതിരെയും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. 

ബാര്‍ക് തട്ടിപ്പ് ആദ്യം പുറത്തുവിട്ടത് മീഡിയവൺ

ബാർക്ക് കണക്കുകളെക്കുറിച്ച് മീഡിയവൺ ഉന്നയിച്ച സംശയങ്ങൾക്ക് വിശ്വാസ്യയോഗ്യമായ മറുപടി ലഭിക്കാത്തതിനെതുടർന്നായിരുന്നു ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് ഏജൻസിയായ ബാർക്കുമായുള്ള ബന്ധം മീഡിയവൺ വിച്ഛേദിച്ചത്. മീഡിയവണിന്റെ ഉയർന്ന പ്രേക്ഷക പിന്തുണ റേറ്റിങ്ങിൽ പ്രതിഫലിക്കാത്തത് കൃത്യമായി വിശദീകരിക്കാൻ ബാർക് അധികൃതർക്കായില്ല.

വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ടതോടെയാണ് ബാർക്കിൽ നിന്ന് പിന്മാറാനുള്ള മീഡിയവൺ തീരുമാനം. റേറ്റിങ് കണക്കാനെടുക്കുന്ന തീരെ ചെറിയ സാംപിൾ സൈസും മീറ്ററുകളുടെ അശാസ്ത്രീയ വിന്യാസവുമാണ് ബാർക്കിന്റെ പ്രധാന പ്രശ്നം. ആകെയുള്ള 86 ലക്ഷം ടിവികളിൽ ബാർക്ക് മീറ്ററുള്ളത് വെറും 1500ൽ താഴെ മാത്രം ഇടങ്ങളിൽ. അതുപോലും കേരളത്തിലെ എല്ലാ പ്രദേശങ്ങളെയോ ജനവിഭാഗങ്ങളെയോ ആനുപാതികമായി ഉൾക്കൊള്ളുന്ന തരത്തിലല്ല. മാത്രമല്ല, ഈ മീറ്ററുകൾ പുറമേനിന്ന് നിയന്ത്രിക്കാനും കൃത്രിമം കാണിക്കാനും കഴിയുമെന്ന ആരോപണവുമുണ്ട്.

കോടികൾ വാരിയെറിഞ്ഞ് ലാന്‍ഡിങ് പേജ് സെറ്റ് ചെയ്യുന്നത് മറ്റൊരു പ്രശ്നം. ബാർക്കിന്റെ കണക്കുകൾ അപ്പാടെ നിരാകരിക്കുന്നതാണ് ഓരോ ആഴ്ചയിലെയും ഡിജിറ്റൽ വഴിയുള്ള വ്യൂവർഷിപ്പ്. മലയാള ചാനലുകളുടെ ലൈവ് യൂട്യൂബ് കാഴ്ചക്കാരിലും നോണ്‍ ലൈവ് കാഴ്ചക്കാരിലും എപ്പോഴും മുൻനിരയിലാണ് മീഡിയവൺ. എന്നാൽ ബാർക്കിന്റെ പട്ടികയിൽ ഇതിന്റെ അടുത്തുപോലും വരുന്നില്ല. ഏതൊരാൾക്കും ഒറ്റനോട്ടത്തിൽ ബോധ്യം വരുന്ന ഈ അപാകത പരിഹരിക്കാൻ ബാർക്ക് തയ്യാറാകുന്നുമില്ല. ഈ സാഹചര്യത്തിലാണ് ബാർക്കുമായി ബന്ധം വിച്ഛേദിക്കാൻ മീഡിയവൺ തീരുമാനിച്ചതെന്ന് എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു.

‘ഡിജിറ്റലിൽ ഞങ്ങൾ ഒന്നാം സ്ഥാനത്തായിരിക്കുമ്പോൾ ബാർക്കിൽ പത്താം സ്ഥാനത്തായിരിക്കുന്ന പരിപാടിയുടെ പേരാണ് വഞ്ചന, തട്ടിപ്പ്, അക്രമം, നെറികേട്. പ്രേക്ഷകരുടെ തെരഞ്ഞെടുപ്പിനെ അതീവരഹസ്യമായി നിഗൂഢമായി അട്ടിമറിക്കുന്ന പരിപാടിയാണ് ബാർക്. ആ റേറ്റിങ് വെച്ചിട്ടാണ് കേരളത്തിൽ നാലായിരം മുതൽ അയ്യായി​രം കോടിരൂപയുടെ ബിസിനസ് നടക്കുന്നത്. ആരൊക്കെയാണ് കബളിക്കപ്പെടുന്നത്. മീഡിയവണിന് പതിനൊന്ന് വർഷം നീണ്ട അതിന്റെ പ്രവർത്തന ചരിത്രത്തിലൂടെ കൈവന്നിട്ടുള്ള അതിശക്തമായ പ്രേക്ഷകപിന്തുണയും വിശ്വാസ്യതയും ഉണ്ട്. ബാർക്കിന്റെ ചാർട്ട് കാണിച്ചാൽ പൊട്ടിപ്പോകുന്നതല്ല ഈ ചാനലും അതിന്റെ പ്രേക്ഷകരും തമ്മിലുള്ള മാധ്യമപ്രവർത്തനത്തിലെ നേരും നന്മയും മുൻനിർത്തിയുള്ള ഉടമ്പടി. അതിനേക്കാൾ വിലമതിക്കുന്നതല്ല ഏത് ഏജൻസിയുടെയും റേറ്റിങ്ങ് ചാർട്ട്. ബാർക്കിന്റെ കണക്കെടുപ്പിലെ അപാകങ്ങളെക്കുറിച്ചുള്ള പരാതികൾ അതേ പ്ലാറ്റ്ഫോമിൽ നേരിട്ടും ഇ-മെയിൽ വഴിയും മീഡിയവൺ നിരന്തരം ഉന്നയിച്ചിട്ടുണ്ട്. പ​ക്ഷെ ഒരിക്കലും ഗുണകരമായ മാറ്റം ഉണ്ടാകുന്ന തരത്തിലുള്ള നടപടി ബാർക്കിൽ നിന്നുണ്ടായിട്ടില്ലെന്നും എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു.



 




Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News