ദിലീപിനെ തിരിച്ചെടുക്കുന്നതിൽ പ്രതിഷേധം; ഫെഫ്കയിൽ നിന്നും രാജിവെച്ച് ഭാഗ്യലക്ഷ്മി
പ്രൊഡ്യൂസർ അസോസിയേഷനും ഫെഫ്കയും ദിലീപിന് പച്ചക്കൊടി കാട്ടിയിരുന്നു
കൊച്ചി: സിനിമാമേഖലയിലെ തൊഴിലാളി സംഘടനയായ ഫെഫ്കയിൽ നിന്നും രാജിവെച്ച് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തോട് വിയോജിച്ചാണ് രാജി. വേട്ടക്കാർക്കൊപ്പം നിൽക്കുന്ന ഒരു സംഘടനയും ഒപ്പം നിൽക്കില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ കോടതി കുറ്റവിമുക്തമാക്കിയതിന് പിന്നാലെ ദിലീപിനെ സിനിമാ സംഘടനകളില്‍ തിരിച്ചെടുക്കാനുള്ള നീക്കം ശക്തമാണ്.
പ്രൊഡ്യൂസർ അസോസിയേഷനും ഫെഫ്കയും ദിലീപിന് പച്ചക്കൊടി കാട്ടിയിരുന്നു. താര സംഘടനയായ 'അമ്മ'യിൽ നിന്നും ദിലീപിന് അനുകൂല പ്രതികരണം ഉണ്ടായിരുന്നു. ദിലീപിനെ ഫെഫ്കയില്‍ തിരിച്ചെടുക്കുന്നതിൽ തടസ്സങ്ങളില്ലെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം പരസ്യപ്രതികരണത്തിന് അമ്മ ഭാരവാഹികള് തയ്യാറായിരുന്നില്ല. ദിലീപിനെ പിന്തുണച്ച് അമ്മ വൈസ് പ്രസിഡൻറ് ലക്ഷ്മി പ്രിയയും സംവിധായകൻ നാദിർഷയും രംഗത്തെത്തി. ദിലീപിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ തിരിച്ചെടുക്കുമെന്ന് പ്രസിഡൻറ് ബി രാകേഷ് പ്രതികരിച്ചിരുന്നു. ദിലീപ് കത്ത് നൽകിയാൽ ചർച്ച ചെയ്യുമെന്നായിരുന്നു പ്രതികരണം.