വൻമീനുകളെ വെറുതെ വിടുന്നു; നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ നിരാശയെന്ന് ബിനോയ് വിശ്വം
സ്ത്രീത്വത്തിന്റെ മഹത്വമുയർത്തുന്ന വിധിയല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: കോടതി വിധിയിൽ നിരാശയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ത്രീത്വത്തിന്റെ മഹത്വമുയർത്തുന്ന വിധിയല്ലെന്നും കേസിലെ വൻ മീനുകളെ വെറുതെ വിടുകയാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് എങ്ങനെ കോടതി ക്ക് പുറത്ത് പോയി? മെമ്മറി കാർഡ് പലർക്കും കാണാൻ എങ്ങനെ അവസരമുണ്ടാക്കി? ആരാണ് അവസരമുണ്ടാക്കിയത് തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടി ലഭിക്കണമെന്നും അതിജീവിതയുടെ കൂടെ അവസാനം വരെ നിൽക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. കേസിൽ പ്രോസിക്യൂഷന് വീഴ്ച പറ്റിയിട്ടില്ലെന്നും കേസിൽ അപ്പീൽ പോകുക എന്നത് സർക്കാരിന്റെ ദൃഢ നിശ്ചയമുള്ള നിലപാടാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
അതേസമയം, ശിക്ഷയിൽ നിരാശനാണെന്നും ഏറ്റവും ചെറിയ ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചതെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ. കടുത്ത ശിക്ഷ വേണമെന്ന് ശക്തമായി വാദിച്ചു. പാർമെന്റ് പറഞ്ഞ മിനിമം ശിക്ഷയാണ് ലഭിച്ചത്. 20 വർഷം ഒരു കോടതിയുടെയും ഔദാര്യം അല്ലെന്നും അജകുമാർ പ്രതികരിച്ചു. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ പ്രോസിക്യൂഷൻ വിജയിച്ചു എന്നാണ് നിയമമന്ത്രി പി. രാജീവ് പറഞ്ഞത്. കിട്ടാവുന്നതിൽ വച്ച് വലിയ ശിക്ഷ ലഭിച്ചു എന്നും ജീവപര്യന്തത്തേക്കാൾ വലിയ ശിക്ഷ നൽകിയതിനെ നല്ല വിധി ആയിട്ടാണ് തോന്നുന്നതെന്നും മന്ത്രി പറഞ്ഞു.