'ബിഷപ്പ് പാംപ്ലാനിയുടെ പ്രഭാഷണം ദുർവ്യാഖ്യാനം ചെയ്തു'; വിശദീകരണവുമായി താമരശ്ശേരി അതിരൂപത

കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു ബിഷപ്പിന്റെ പരാമർശം.

Update: 2023-05-22 00:57 GMT

കണ്ണൂർ: ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വിവാദപ്രസംഗത്തിൽ വിശദീകരണവുമായി താമരശ്ശേരി അതിരൂപത. പാംപ്ലാനിയുടെ പ്രഭാഷണത്തെ ദുർവ്യാഖ്യാനം ചെയ്‌തെന്ന് അതിരൂപത വിശദീകരണക്കുറിപ്പിൽ പറഞ്ഞു. രക്തസാക്ഷികളെ ആദരിക്കുന്ന സംസ്‌കാരമാണ് സഭയുടേത്. അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നവരുടെ നിക്ഷിപ്ത താൽപര്യങ്ങളെ പൊതുസമൂഹം തിരിച്ചറിയണമെന്നും രൂപത വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാഷ്ട്രീയ രക്തസാക്ഷികൾക്കെതിരെ പാംപ്ലാനി നടത്തിയ പരാമർശമാണ് വിവാദമായത്. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു ബിഷപ്പിന്റെ പരാമർശം. ചിലർ പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽനിന്ന് തെന്നിവീണ് മരിച്ചവരാണെന്നും ബിഷപ്പ് പരിഹസിച്ചു. കണ്ണൂർ ചെറുപുഴയിൽ കെ.സി.വൈ.എം യുവജനാഘോഷ വേദിയിലായിരുന്നു പാംപ്ലാനിയുടെ വിമർശനം.

Advertising
Advertising

ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ സി.പി.എം നേതൃത്വം രംഗത്തെത്തിയിരുന്നു. മഹാത്മാ ഗാന്ധി പാലത്തിൽനിന്ന് വീണ് മരിച്ചതാണോ എന്നായിരുന്നു എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ ചോദ്യം. ബിഷപ്പിനെപ്പോലെ ആദരണീയനായ ഒരാളിൽനിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും ഇ.പി കുറ്റപ്പെടുത്തി.

ബിഷപ്പിന്റെ പ്രസ്താവന ആർ.എസ്.എസിനെയും ബി.ജെ.പിയെയും ഉദ്ദേശിച്ചായിരിക്കും എന്നായിരുന്നു സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ പ്രതികരണം. ബിഷപ്പിന്റെ പരാമർശം ഗാന്ധിജിക്കും കമ്മ്യൂണിസ്റ്റുകാർക്കും ബാധകമല്ലെന്നും എം.വി ജയരാജൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News