കൗൺസിലർ അനിൽകുമാറിന്റെ ആത്മഹത്യ: ബിജെപിക്കുള്ളിൽ കടുത്ത അമർഷം; പരസ്യ പ്രതികരണം വിലക്കി നേതൃത്വം

ആത്മഹത്യക്ക് മുൻപുള്ള ഫോൺ രേഖകളും സഹകരണ സംഘത്തിന്റെ ഇടപാടുകളും പ്രത്യേക അന്വേഷണസംഘം പരിശോധിക്കും

Update: 2025-09-24 04:46 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: നഗരസഭ കൗണ്‍സിലറും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായിരുന്ന തിരുമല അനിൽകുമാറിന്റെ ആത്മഹത്യയിൽ സംഘപരിവാർ പ്രവർത്തകരിലും പ്രതിഷേധം ശക്തം. പരസ്യ പ്രതികരണം നേതൃത്വം വിലക്കിയെങ്കിലും നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ ഉയരുന്നത് കടുത്ത അമർഷം. ബിജെപി തിരുമലയിൽ വിളിച്ചുചേർത്ത അനുശോചന യോഗത്തിൽ നിന്നും എതിർപ്പ് അറിയിച്ച് ഒരു വിഭാഗം വിട്ടുനിന്നു. അതിനിടെ പ്രത്യേക അന്വേഷണസംഘം ആത്മഹത്യാ കേസിൽ അന്വേഷണം ഊർജിതമാക്കി.

തിരുമല അനിലിന്റെ ആത്മഹത്യക്ക് മുൻപുള്ള ഫോൺ രേഖകളും, സഹകരണ സംഘത്തിന്റെ ഇടപാടുകളുമാണ്  പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ ബിജെപി നേതാക്കളാരും പരസ്യ പ്രതികരണത്തിന് പിന്നീട് മുതിർന്നിട്ടില്ല. 

Advertising
Advertising

ബിജെപിയെ വെട്ടിലാക്കുന്നതായിരുന്നു അനിലിന്‍റെ ആത്മഹത്യാക്കുറിപ്പ്. നമ്മുടെ ആളുകളെ സഹായിച്ചെന്നും പണം തിരിച്ചടയ്ക്കാതിരുന്നിട്ടും മറ്റു നടപടികളിലേക്ക് കടന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

പലതവണ ആവശ്യപ്പെട്ടിട്ടും ആരും പണം തിരിച്ചടച്ചില്ല, ‌ഇതാണ് ബാങ്ക് പ്രതിസന്ധിക്ക് കാരണമെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 'ഇപ്പോള്‍ ഒരു പ്രതിസന്ധി എല്ലാ സംഘത്തിലും ഉള്ളതുപോലെ ഉണ്ട്. ഇതുവരെയും എഫ്ഡി കൊടുക്കാനുള്ളവര്‍ക്കെല്ലാം കൊടുത്തു. നേരത്തെ പോലെ ചിട്ടിയോ ദിവസവരുമാനമോ ഇപ്പോള്‍ ഇല്ലാതായി. ആയതിനാല്‍ തന്നെ എഫ്ഡി ഇട്ടിട്ടുള്ള ആള്‍ക്കാര്‍ അവരുടെ പണത്തിന് കാലതാമസം വരാതെ ആവശ്യത്തിലധികം സമ്മര്‍ദം തരുന്നു'- കുറിപ്പില്‍ പറയുന്നു.

'നമുക്ക് തിരിച്ചുപിടിക്കാന്‍ ധാരാളം തുകയുണ്ട്. നമ്മുടെ ആള്‍ക്കാരെ സഹായിച്ചു. മറ്റ് നടപടികള്‍ക്ക് ഒന്നും പോകാതെ പല അവധി പറഞ്ഞ് തിരിച്ചടയയ്ക്കാന്‍ കാതതാമസം ഉണ്ടാക്കി. ഞാനോ ടി സംഘത്തിലെ ഭരണസമിതിയോ യാതൊരു ക്രമക്കേടും സംഘത്തില്‍ ഉണ്ടാക്കിയിട്ടില്ല. അതെല്ലാം അവിടുത്തെ രേഖകകള്‍ പരിശോധിച്ചാല്‍ മനസിലാകാവുന്നതേ ഉള്ളൂ'- ആത്മഹത്യാക്കുറിപ്പിൽ വിശദമാക്കുന്നു.

അതേസമയം, സൊസൈറ്റിയിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച പരാതിയുയർന്നപ്പോൾ, എത്രയും വേഗം പണം മടക്കിനൽകണമെന്ന് പൊലീസ് അനിലിനെ ഭീഷണിപ്പെടുത്തിയെന്നാണ് ബിജെപി ആരോപണം. എന്നാൽ ഭീഷണി ആരോപണം പൊലീസ് തള്ളിയിരുന്നു. തിരുമല വാർഡ് കൗൺസിലറായ അനിലിനെ തന്റെ ഓഫീസിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News