നേതൃമാറ്റം വിവാദങ്ങള്‍ ശരിവെക്കുമെന്ന് ദേശീയ നേതൃത്വം: കെ.സുരേന്ദ്രന്‍ ബി.ജെ.പി അധ്യക്ഷ സ്ഥാനത്ത് തുടരും

തെരഞ്ഞെടുപ്പിലെ തോൽവി, കള്ളപ്പണ ശബ്ദരേഖ, സ്ഥാനാ൪ഥി പിന്മാറ്റവുമായി ബന്ധപ്പെട്ട കേസ് അടക്കമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിൽ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചു.

Update: 2021-06-10 12:57 GMT

വിവാദങ്ങളുടെ പേരില്‍ കേരളത്തില്‍ ഉടന്‍ നേതൃമാറ്റമില്ലെന്ന് ബി.ജെ.പി ദേശീയ നേതൃത്വം. കെ. സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരും. സുരേന്ദ്രനെ മാറ്റിയാല്‍ നിലവിലെ വിവാദങ്ങള്‍ ശരിവെക്കുന്ന സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, കള്ളപ്പണ വിവാദങ്ങളില്‍ ദേശീയ നേതൃത്വം അതൃപ്തിയറിയിച്ചു. കെ. സുരേന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ വിയോജിപ്പ് അറിയിച്ചത്.

പാർട്ടിയെ അപകീർത്തിപ്പെടുത്താനും നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുമുള്ള നീക്കമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് നേതൃത്വത്തെ അറിയിച്ചതായി സുരേന്ദ്രൻ പ്രതികരിച്ചു. സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധിക്കാന്‍ ദേശീയ നേതൃത്വം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

Advertising
Advertising

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഡൽഹിയിൽ എത്തിയ കെ. സുരേന്ദ്രന് ദേശീയ നേതാക്കളെ ആരെയും കാണാൻ അവസരം ലഭിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിലെ തോൽവി, കള്ളപ്പണ ശബ്ദരേഖ, സ്ഥാനാ൪ഥി പിന്മാറ്റവുമായി ബന്ധപ്പെട്ട കേസ് അടക്കമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തതിൽ കടുത്ത അതൃപ്തിയാണ് ദേശീയ നേതൃത്വം പ്രകടിപ്പിച്ചതെന്നാണ് സൂചന. ഇന്നുച്ചയ്ക്കാണ് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത്. സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി. മുരളീധരനും ഒരുമിച്ചാണ് കൂടിക്കാഴ്ച നടത്തിയത്. 

നാളെ സംഘടന ചുമതലയുള്ള ബി.എൽ സന്തോഷുമായും സുരേന്ദ്രൻ കൂടിക്കാഴ്ച നടത്തും. ദേശീയ നേതാക്കൾ വൈകാതെ സംസ്ഥാനത്തെത്തുമെന്നും സൂചനയുണ്ട്. സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രൻ- പി.കെ കൃഷ്ണദാസ് പക്ഷം നൽകിയ പരാതിയും ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. എന്നാല്‍, സുരേന്ദ്രനെതിരെ ഉടൻ നടപടിയെടുക്കേണ്ടെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. ഒറ്റക്കെട്ടായി വിഷയത്തെ നേരിടാൻ നേതാക്കൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News