വൈദികർക്ക് ഇളക്കം കൂടുതലാണ്; അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് പി.സി ജോർജ്
വൈദികന്റെ ബിജെപി വിരുദ്ധ നിലപാടാണ് പി.സി ജോർജിനെ ചൊടിപ്പിച്ചത്
കോട്ടയം: വൈദികനെ അധിക്ഷേപിച്ച് ബിജെപി നേതാവ് പി.സി ജോർജിന്റെ പ്രസംഗം. തിടനാട് പള്ളിയിലെ വൈദികർക്ക് ഇളക്കം കൂടുതലാണെന്നും വൈദികന്റെ ചരിത്രം നോട്ടീസ് അടിച്ച് ഇറക്കേണ്ടി വരുമെന്നുമാണ് പരാമർശം. വൈദികന്റെ ബിജെപി വിരുദ്ധ നിലപാടാണ് പി.സി ജോർജിനെ ചൊടിപ്പിച്ചത്.
'തിടനാട് പള്ളിയിലെ വൈദികർക്ക് ഇളക്കം കൂടുതലാണ്. അച്ഛന്റെ ചരിത്രം നോട്ടീസ് അടിച്ച് ഇറക്കേണ്ടി വരും. അങ്ങനെ വന്നാൽ അച്ഛൻ ആത്മഹത്യ ചെയ്യേണ്ടിവരും' എന്നാണ് പി.സി ജോർജ് പറഞ്ഞത്. ഈരാറ്റുപേട്ട തിടനാട് നടത്തിയ പൊതുയോഗത്തിലായിരുന്നു പി.സി ജോർജിന്റെ അധിക്ഷേപ പരാമർശം.
അച്ഛൻ അല്ല ദൈവം തമ്പുരാൻ തെറ്റ് ചെയ്താലും പറയുമെന്നും മര്യാദക്ക് നിന്നാൽ അങ്ങേർക്ക് കൊള്ളാമെന്നും പറഞ്ഞ പി.സി വൈദികൻ ആത്മീയ കാര്യങ്ങൾ നോക്കിയാൽ മതിയെന്നും പ്രതികരിച്ചു. ഒരു വൈദികൻ ആയത് കൊണ്ട് അവിടംകൊണ്ട് നിർത്തുന്നുവെന്നും ആരാണെങ്കിലും വിമർശിക്കുമെന്നും പറഞ്ഞാണ് പി.സി തന്റെ പരാമർശത്തെ ന്യായീകരിച്ചത്.
അതേസമയം, പി.സി ജോർജിന്റെ അധിക്ഷേപ പരാമർശം പ്രാദേശിക ബിജെപി നേതൃത്വം തള്ളി. വൈദികനെ കണ്ട് പ്രാദേശിക നേതൃത്വം ക്ഷമാപണം നടത്തി. പാർട്ടി നിലപാടല്ല പി.സി ജോർജ് പങ്കുവച്ചതെന്നും നേതാക്കൾ വൈദികനെ അറിയിച്ചു. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് വൈദികൻ വ്യക്തമാക്കി.