മരക്കാർ പുറത്തിറങ്ങുന്ന ദിവസം കരിദിനം ആചരിക്കും: ഫിയോക്

ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ പിന്നീട് തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നും അങ്ങനെ ചെയ്യുന്ന സ്ഥാപന ഉടമകളെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർ അറിയിച്ചു

Update: 2021-11-07 06:59 GMT
Advertising

ഒ.ടി.ടി റിലീസിന് നൽകിയ മരക്കാർ അറബിക്കടലിന്റെ സിംഹം പുറത്തിറങ്ങുന്ന ദിവസം കരിദിനം ആചരിക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. നടൻ മോഹൻലാലിനും നിർമാതാവ് ആൻറണി പെരുമ്പാവൂരിനുമുള്ള മുന്നറിയിപ്പാണ് പ്രതിഷേധമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. തിയറ്ററുകളിൽ അന്ന് കരിങ്കൊടി കെട്ടുകയും ജീവനക്കാർ കറുത്ത ബാഡ്ജ് ധരിക്കുകയും ചെയ്യുമെന്നും കൊച്ചിയിൽ ചേർന്ന യോഗത്തിന് ശേഷം ഭാരവാഹികൾ പറഞ്ഞു.

ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ പിന്നീട് തിയറ്ററിൽ പ്രദർശിപ്പിക്കില്ലെന്നും അങ്ങനെ ചെയ്യുന്ന സ്ഥാപന ഉടമകളെ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും അവർ അറിയിച്ചു. മോഹൻലാൽ ആരാധകർ ആവശ്യപ്പെട്ടതിനെ തുടർന്ന് മരക്കാർ തിയറ്ററിലും റിലീസ് ചെയ്യുമെന്ന് ആൻറണി പെരുമ്പാവൂർ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഘടനയുടെ പുതിയ പ്രസ്താവന. ഡിസംബർ 24 നാണ് മരക്കാർ റിലീസുണ്ടാകുമെന്ന് കരുതപ്പെടുന്നത്. ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനാകുന്ന മിന്നൽമുരളിയും അന്നാണ് പുറത്തിറക്കുന്നത്. ഫിയോക് ചെയർമാനായ നടൻ ദിലീപിന്റെ ചിത്രമായ 'കേശു ഈ വീടിന്റെ നാഥൻ' സിനിമയും ഒ.ടി.ടിയിലാണ് റിലീസ് ചെയ്യുന്നത്.

പ്രിയദർശന്റെ സംവിധാനത്തിലുള്ള മരക്കാർ അടക്കം മോഹൻലാൽ അഭിനയിച്ച അഞ്ചു സിനിമകൾ ഒ.ടി.ടി റിലീസിന് നൽകിയിരിക്കുകയാണ്. മരക്കാറിനു പുറമേ ബ്രോ ഡാഡി, ട്വൽത്ത് മാൻ, എലോൺ എന്നിവയും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ഒടിടിയിൽ റിലീസ് ചെയ്യുക.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News