തിരുവാർപ്പിൽ ബസ് ഉടമയെ മർദിച്ച സംഭവം: സി.ഐ.ടി.യു നേതാവ് അജയൻ തുറന്ന കോടതിയിൽ മാപ്പ് പറഞ്ഞു

കോടതിയലക്ഷ്യ കേസിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു

Update: 2023-09-29 08:34 GMT
Editor : Lissy P | By : Web Desk
Advertising

കൊച്ചി: കോട്ടയം തിരുവാർപ്പിൽ ബസുടമയെ ആക്രമിച്ച സി.ഐ.ടി.യു  നേതാവ് അജയൻ തുറന്ന കോടതിയിൽ മാപ്പ് അപേക്ഷിച്ചു. കോടതിയോടും ബസ് ഉടമയോടുമാണ് അജയൻ മാപ്പപേക്ഷിച്ചത്. അജയന്റെ മാപ്പപേക്ഷ രേഖപ്പെടുത്തിയ ഹൈക്കോടതി കോടതിയലക്ഷ്യ കേസിലെ തുടർനടപടികൾ അവസാനിപ്പിച്ചു.

ഹൈക്കോടതിയുടെ പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് സിഐടിയു നേതാവ് അജയൻ  സ്വകാര്യ ബസ് ഉടമയായ രാജ് മോഹനെ മർദിക്കുന്നത്. കോടതി ഉത്തരവ് ലംഘിച്ചതിൽ ജസ്റ്റിസ് എൻ.നഗരേഷ്  സ്വമേധയാ കേസെടുത്തെങ്കിലും നിരുപാധികം മാപ്പ് പറയാൻ അജയൻ തയ്യാറായിരുന്നു. ഇന്ന് തുറന്ന കോടതിയിൽ മാപ്പ് പറയാൻ അജയൻ സന്നദ്ധത അറിയിച്ചെങ്കിലും അത് സ്വീകരിക്കരുതെന്ന് പരാതിക്കാരനായരാജ് മോഹൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം  കോടതി അംഗീകരിച്ചില്ല. ചെയ്ത കാര്യങ്ങളിൽ കുറ്റബോധം ഉള്ളതിനാലാണ് അജയൻ മാപ്പ് പറയാൻ തയ്യാറായതെന്ന്  ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ആക്രമിക്കപ്പെട്ട  ബസ് ഉടമയോടും കോടതിയോടും മാപ്പ് പറയാൻ അനുമതി നൽകി, പിന്നാലെയാണ് അജയൻ മാപ്പപേക്ഷിച്ചത്.

അജയന്റെ മാപ്പപേക്ഷ രേഖപ്പെടുത്തിയ കോടതി, കേസിലെ തുടർനടപടികൾ അവസാനിപ്പിച്ചു. എന്നാൽ അജയനെതിരായ ക്രിമിനൽ കേസ് തുടരുന്നതിന് ഈ ഉത്തരവ്  ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസ്  സംരക്ഷ ഉത്തരവ് നിലനിൽക്കെ ബസ് ഉടമയെ മർദിച്ചത് കോടതിയുടെ മുഖത്തേറ്റ അടിയാണെന്ന് ഹരജി പരിഗണിക്കവെ  ജസ്റ്റിസ് എൻ നഗരേഷ് വിമർശിച്ചിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News