മേയർക്കെതിരായ സുനിൽകുമാറിന്‍റെ വിമർശനം തിരിച്ചടിയാകുന്നു; സുനിലിന്‍റേത് വ്യക്തിപരമായ അഭിപ്രായമെന്ന് സിപിഐ ജില്ലാ സെക്രട്ടറി
സുനിൽകുമാർ തന്‍റെ വീട്ടിൽ വന്നിട്ടുണ്ടെന്ന സുരേന്ദ്രന്‍റെ വെളിപ്പെടുത്തൽ ആയുധമാക്കുകയാണ് മേയർ എം.കെ വർഗീസ്
തൃശൂര്‍: ക്രിസ്മസ് ദിനത്തിലെ കെ. സുരേന്ദ്രന്‍റെ സന്ദർശനത്തിൽ തൃശൂർ മേയർക്കെതിരായ സുനിൽകുമാറിന്‍റെ വിമർശനം തിരിച്ചടിയാകുന്നു. സുനിൽ കുമാറിന്‍റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും മേയറെ മാറ്റേണ്ടതില്ലെന്നും സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പറഞ്ഞു.
കേക്ക് വാദത്തിൽ മേയർക്കെതിരായ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് സുനിൽകുമാർ. വിവാദം മുന്നോട്ടു കൊണ്ടുപോകാൻ താല്പര്യമില്ലെന്ന് സുനിൽകുമാർ വ്യക്തമാക്കി. എന്നാൽ വിവാദം സുനിൽകുമാറിനെ തന്നെ തിരിച്ചടിയാവുകയാണ്. സുരേന്ദ്രന്‍റെ വീട്ടിലെ സന്ദർശനം എന്തിനെന്നാണ് മേയറുടെ ചോദ്യം. മറുപടി സുരേന്ദ്രന്‍റെ പോസ്റ്റിൽ തന്നെയുണ്ട് എന്ന് പറഞ്ഞൊഴിയുകയാണ് സുനിൽകുമാർ.
പാർട്ടിയും കൈവിട്ടതോടെ മേയർക്കെതിരായ നിലപാട് മയപ്പെടുത്തി. ചോദ്യങ്ങളോട് പ്രതികരിക്കാതെ വിവാദം അവസാനിപ്പിക്കാനാണ് സുനിൽകുമാർ ശ്രമിക്കുന്നത് .