'വകുപ്പ് മേധാവിയാക്കാതിരിക്കാൻ ശ്രമം': അധ്യാപികയോട് കാലിക്കറ്റ് സർവകലാശാല വിവേചനം കാണിച്ചെന്ന് പട്ടികജാതി കമ്മിഷൻ

അധ്യാപികയെ വകുപ്പ് മേധാവിയാക്കാതിരിക്കാന്‍ ബോധപൂർവമായ ശ്രമം നടന്നുവെന്നും കമ്മിഷൻ

Update: 2023-05-24 14:07 GMT

കോഴിക്കോട്: അധ്യാപികയോട് കാലിക്കറ്റ് സർവകലാശാല വിവേചനം കാണിച്ചെന്ന് പട്ടികജാതി കമ്മീഷന്‍. പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ഡോ ദിവ്യയെ വകുപ്പ് മേധാവിയായി നിയമിക്കാത്ത സർവകലാശാല നടപടിക്കെതിരായ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്. അധ്യാപികയെ വകുപ്പ് മേധാവിയാക്കാതിരിക്കാന്‍ ബോധപൂർവമായ ശ്രമം നടന്നുവെന്നും കമ്മിഷൻ നിരീക്ഷിച്ചു.

സർവകലാശാലയിലെ കംപാരറ്റീവ് ലിറ്ററേച്ചർ അധ്യാപികയാണ് ഡോ.ദിവ്യ. ഇവരെ വകുപ്പ് മേധാവിയാകാത്തത് ഹൈക്കോടതിയും സുപ്രിംകോടതിയും ചോദ്യം ചെയ്തിരുന്നു. ദിവ്യയെ മേധാവിയാക്കാതിരിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും പട്ടികജാതി വിഭാഗത്തോടുള്ള വിവേചനമായി തന്നെ കണക്കാക്കണമെന്നാണ് കമ്മിഷൻ പുറപ്പെടുവിച്ച റിപ്പോർട്ടിലുള്ളത്. ഒരു വകുപ്പ് മേധാവി സ്ഥാനത്ത് ഒഴിവുണ്ടെങ്കിൽ ആ വകുപ്പിലെ ഏറ്റവും മുതിർന്ന ആളിന് സ്ഥാനക്കയറ്റം നൽകണമെന്നാണ് സർവകലാശാലയുടെ ചട്ടം.

Advertising
Advertising
Full View

ഈ ചട്ടം മറികടന്ന് മറ്റൊരു വകുപ്പിലെ ഉദ്യോഗസ്ഥന് മേധാവി സ്ഥാനം നൽകിയെന്നാണ് കമ്മിഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇദ്ദേഹത്തിന് മേധാവിസ്ഥാനം നൽകാൻ ഡോ.ദിവ്യയുടെ പ്രൊബേഷൻ കാലാവധി അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്പ് സർവകലാശാല ഉത്തരവിറക്കിയെന്നും കമ്മിഷൻ ആരോപിക്കുന്നു. പരാതി ഉയർന്നതിന് ശേഷം അഞ്ച് വർഷം പ്രവൃത്തിപരിചയം ഉള്ളവർക്കേ വകുപ്പ് മേധാവി സ്ഥാനത്തിനർഹതയുള്ളൂ എന്ന് സർവകലാശാല നിയമഭേദഗതി വരുത്തിയെന്നും കമ്മിഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News