തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബി.ജെ.പിക്ക് തലവേദനയായി സുരേന്ദ്രനെതിരായ കേസുകൾ

കാസർകോട് രജിസ്റ്റർ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് തുടർനടപടി തുടങ്ങി. സി.കെ ജാനുവിന് പണം നല്‍കിയ സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യും.

Update: 2021-06-17 02:55 GMT
Editor : rishad | By : Web Desk
Advertising

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കുഴല്‍പണമിടപാടില്‍പ്പെട്ട ബി.ജെ.പിക്ക് തിരിച്ചടിയായി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരായ കേസുകള്‍. കാസർകോട് രജിസ്റ്റർ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് തുടർനടപടി തുടങ്ങി. സി.കെ ജാനുവിന് പണം നല്‍കിയ സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യും.

തെരഞ്ഞെടുപ്പില്‍ കോഴ വാഗ്ദാനം ചെയ്ത സംഭവത്തില്‍ രണ്ട് കേസിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന സുന്ദരക്ക് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന്‍ പണം നല്‍കിയെന്നതാണ് ആദ്യ കേസ്. ബദിയെടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. സുന്ദരയുടെ രഹസ്യമൊഴിക്കായി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സുന്ദരയുടെ മൊഴി എടുത്ത ശേഷമാകും കെ സുരേന്ദ്രനെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് നീങ്ങുക.  

സി.കെ ജാനുവിന് പണം നല്‍കിയ സംഭവത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസിന്‍റെ ഹരജിയിലാണ് സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്പറ്റ കോടതി ഉത്തരവിട്ടത്. സുല്‍ത്താന്‍ ബത്തേരി പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ തെരഞ്ഞെടുപ്പില്‍ പണം നല്‍കിയ രണ്ടു കേസുകളിലെ പ്രതിയായി മാറും ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്‍റ്. കൊടകരയില്‍ തട്ടിക്കൊണ്ടുപോയ പണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് പൊലീസ് കണ്ടെത്തിയ സാഹചര്യത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കൂടുതല്‍ കേസ് വരാനുള്ള സാധ്യതയുമുണ്ട്. 

ആകെയുള്ള ഒരു സീറ്റും നഷ്ടപ്പെട്ട് രാഷ്ട്രീയ തിരിച്ചടിക്ക് പിന്നാലെ തെരഞ്ഞെടുപ്പില്‍ പണമിറക്കിയതിന് കേസ് കൂടി വന്നതോടെ ബി.ജെ.പിയും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ചെന്നുപെട്ടിരിക്കുന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധിയിലാണ്. കെ സുരേന്ദ്രനെ എതിർക്കുന്ന വിഭാഗം പാർട്ടിക്കകത്തും കലാപകൊടി ഉയർത്തുന്നതോടെ സുരേന്ദ്രന് പാർട്ടിക്കകത്തും പ്രതിരോധത്തിലാകും. 


Full View


Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News