ക്രിസ്തുവിനെക്കുറിച്ച് പുസ്തകമെഴുതിയ എം.പി പോളിനെ തെമ്മാടിക്കുഴിയില്‍ അടക്കിയതിനെതിരെ കത്തോലിക്കാ പുരോഹിതൻ; സത്യദീപത്തില്‍ വിവാദ ലേഖനം

മെത്രാന്‍ എഴുതുന്നുണ്ടോ, അച്ചന്‍ എഴുതുന്നുണ്ടോ എന്ന് നോക്കിയല്ല ഒരാള്‍ ഒരു പത്രമോ വാരികയോ തെരഞ്ഞെടുക്കുന്നത്

Update: 2025-12-18 06:00 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: മലയാള സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരനും വിമര്‍ശകനുമായിരുന്ന പ്രൊഫ എം.പി പോളിനെ തെമ്മാടിക്കുഴിയില്‍ അടക്കിയതിനെതിരെ കത്തോലിക്കാ വൈദികന്‍. എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികനും വടവാതൂര്‍ സെമിനാരി അധ്യാപകനുമായ മാര്‍ട്ടിന്‍ ശങ്കൂരിക്കലാണ് അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപത്തിൽ ലേഖനമെഴുതിയത്. ‘ക്രിസ്താനുകരണ വിവര്‍ത്തകന്‍ എത്തിച്ചേര്‍ന്ന തെമ്മാടിക്കുഴി: സഭയിലെ സാഹിത്യത്തിന്റെ ഇടം’ എന്ന തലക്കെട്ടിലാണ് ലേഖനം.

ലേഖനത്തിൽ നിന്ന്

തോമസ് അക്കെമ്പിസിന്റെ ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് (ക്രിസ്താനുകരണം) പരിഭാഷപ്പെടുത്തിക്കൊണ്ട് സാഹിത്യജീവിതം ആരംഭിച്ച രണ്ട് മലയാളികളാണ് പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയും പ്രൊഫ. എം പി പോളും. ഇതില്‍ എം പി പോള്‍ 'ആസ്തിക്യവാദം' (ഈശ്വരന്റെ അസ്തിത്വത്തെ അംഗീകരിക്കുന്ന തത്ത്വചിന്ത) എന്നൊരു മനോഹരമായ പുസ്തകം എഴുതിയിട്ടുണ്ട്. ശാസ്ത്രവസ്തുതകളുടെ പിന്‍ബലത്തില്‍ ദൈവമുണ്ടെന്ന് തെളിയിക്കാന്‍ കഴിയുമെന്ന് സ്ഥാപിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥങ്ങളിലൊന്നാണ് ആസ്തിക്യവാദം. എന്നാല്‍ എം.പി പോളിനും മുണ്ടശ്ശേരിക്കും സഭയിലെ സ്ഥാനം എന്തായിരുന്നു? നിലയ്ക്കാത്ത ചോദ്യങ്ങളുമായി ജീവിച്ച പ്രൊഫ. എം.പി പോളിനെ ജീവിതാവസാനം തെമ്മാടിക്കുഴിയില്‍ ആണ് അടക്കിയത് എന്നുള്ളത് ഭീതിദമായ ഒരു ഓര്‍മ്മയാണ്! 'ഏഥന്‍സിന് ജറുസലേമുമായി എന്ത് ബന്ധമാണുള്ളത്?' എന്ന ആദ്യകാല ക്രൈസ്തവചിന്തകനായ തെര്‍ത്തുല്യന്റെ ചോദ്യം പുതിയകാലത്ത് സാഹിത്യകാരനും തത്വചിന്തകനും സഭയില്‍ എന്ത് കാര്യം എന്ന് വിവര്‍ത്തനം ചെയ്യാവുന്നതാണ്. ഒരു സാഹിത്യോത്സവ പങ്കാളിത്തമാണ് മഷിക്കുപ്പികളെ മറന്ന സഭയെ ഓര്‍ക്കാന്‍ ഇടയാക്കിയത്.

Advertising
Advertising

മലയാളത്തിലെ എണ്ണം പറഞ്ഞ സാഹിത്യകാരന്മാരുടെയും നിരൂപകരുടെയും കുലഗുരുവായിരുന്നു വരാപ്പുഴ പുത്തന്‍പള്ളിയില്‍ ജനിച്ച പ്രൊഫസര്‍ എം പി പോള്‍ എന്ന മേനാച്ചേരി പൗലോസ് പോള്‍. ലോകസാഹിത്യത്തില്‍ തന്നെ എഴുത്തുകാര്‍ക്കുവേണ്ടിയുള്ള ആദ്യത്തെ കൂട്ടായ്മകളിലൊന്നായ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ സ്ഥാപക പ്രസിഡന്‍റ് എന്ന നിലയില്‍ പ്രസിദ്ധനായ അദ്ദേഹമാണ് ഗാന്ധിജി തൃശൂര്‍ സന്ദര്‍ശിച്ചപ്പോള്‍ മഹാത്മാഗാന്ധിക്ക് സമര്‍പ്പിച്ച മംഗളപത്രം തയ്യാറാക്കിയത്.

മംഗളപത്രം വായിച്ച ഗാന്ധി അതിന്റെ രചയിതാവിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ഗാന്ധിയെ ചെന്നുകണ്ട എം.പി പോളിനെ ഗാന്ധിജി അഭിനന്ദിക്കുകയും ചെയ്തത് ചരിത്രമാണ്. വൈക്കം മുഹമ്മദ് ബഷീറിനെയും സി.ജെ തോമസിനെയും പോലുള്ളവരെ സാഹിത്യത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ആദ്യകാലത്ത് അവര്‍ക്കുവേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്ത എം.പി പോളിനെ പോലുള്ള മഹാമനസ്‌കനായ ഒരാള്‍ അവസാന കാലത്ത് തെമ്മാടിക്കുഴിയില്‍ ഒതുങ്ങേണ്ടിവന്നു എന്നുള്ളത് സാഹിത്യകാരന്മാരോടും ചിന്തകരോടും ഒരുകാലത്ത് സഭയെടുത്ത സമീപനത്തിന്റെ ദൃഷ്ടാന്തമാണ്.

വിശ്വാസികളെ വിചിത്രമായ ഒരു രക്ഷാകര്‍തൃഭാവത്തോടെ വിരല്‍ത്തുമ്പില്‍ തൂക്കിയിട്ട് നടന്ന മധ്യകാലസഭ ബൗദ്ധിക മേഖലയിലെ വ്യവഹാരങ്ങളെ പലപ്പോഴും സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചിരുന്നതെന്നും ലേഖനത്തിൽ മാര്‍ട്ടിൻ ചൂണ്ടിക്കാട്ടുന്നു. ''ചിന്തിക്കാന്‍ ധൈര്യപ്പെട്ടവരെ വിലക്കിന്റെ മണിച്ചിത്രത്താഴിട്ട് പൂട്ടിയ ചില മതമേലധ്യക്ഷര്‍ ചെയ്യാന്‍ ശ്രമിച്ചത് ചിന്തയുടെ ആകാശങ്ങളെ പോപ്പിക്കുട കൊണ്ട് മറയ്ക്കാനാണ്. മലവെള്ളത്തെ പഴമുറം കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചവര്‍ ഒലിച്ചുപോയെന്നത് ചരിത്രം! കന്നഡ നവോത്ഥാന നായകനായ ബസവേശ്വരന്‍ ഇങ്ങനെ എഴുതി: 'ബലം പിടിച്ചവര്‍ ഒലിച്ചു പോയി; ചലിച്ചു നിന്നവര്‍ പിടിച്ചു നിന്നു.' വിയോജിപ്പിന്റെ വ്യാകരണങ്ങളെഴുതുന്നവരെക്കൂടി ഉള്‍കൊള്ളുന്നതല്ലേ ക്രിസ്തുവിന്റെ മനസ്സ്'' എന്നും ലേഖനത്തിൽ പറയുന്നു.

മെത്രാന്‍ എഴുതുന്നുണ്ടോ, അച്ചന്‍ എഴുതുന്നുണ്ടോ എന്ന് നോക്കിയല്ല ഒരാള്‍ ഒരു പത്രമോ വാരികയോ തെരഞ്ഞെടുക്കുന്നത്. മറിച്ച്, നിലപാടുകളുടെ സത്യസന്ധതയും ആര്‍ജ്ജവത്വവും നോക്കിക്കൂടിയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? കാലഹരണപ്പെട്ട വരട്ടുവാദത്തിന്റെ വക്താക്കളായി കേരളീയ സമൂഹത്തില്‍ ചില ക്രൈസ്തവ പ്രസിദ്ധീകരണങ്ങളെങ്കിലും ബ്രാന്‍ഡ് ചെയ്യപ്പെടാനുള്ള കാരണവും ഇത് തന്നെയാണെന്നും ഫാ.മാര്‍ട്ടിൻ ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News