ലൈഫ് മിഷൻ ക്രമക്കേട്; എം. ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴ വിതരണം ചെയ്തു എന്നായിരുന്നു സ്വപ്നയുടേയും സരിത്തിന്റേയും മൊഴി.

Update: 2022-10-05 16:42 GMT

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സി.ബി.ഐ ചോദ്യം ചെയ്യും. നാളെ രാവിലെ സി.ബി.ഐ കൊച്ചി ഓഫീസിൽ ഹാജരാവാനാണ് നിർദേശം നൽകിയിരിക്കുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്നും ഇതിലൊരു ഭാഗം കോഴയായി നല്‍കിയെന്നുമാണ് കേസ്. ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിക്കു വേണ്ടി 18.50 കോടിയാണ് യു.എ.ഇ കോണ്‍സുലേറ്റ് വഴി സ്വരൂപിച്ചത്.

ഇതില്‍ 14.5 കോടി രൂപ മാത്രം കെട്ടിട നിര്‍മാണത്തിന് വിനിയോഗിച്ചപ്പോള്‍ ബാക്കി നാലു കോടിയോളം രൂപ കോഴ നല്‍കിയെന്നാണ് സ്വപ്‌ന സുരേഷും സരിത്തും നേരത്തെ സി.ബി.ഐയ്ക്ക് മൊഴി നല്‍കിയിരുന്നത്.

Advertising
Advertising

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കോഴ വിതരണം ചെയ്തു എന്നായിരുന്നു മൊഴി. ഇതു പ്രകാരമാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. കരാര്‍ ഏറ്റെടുത്ത യൂണിടാക് എം.ഡി സന്തോഷ് ഈപ്പനെ ഇതിനു മുമ്പ് സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.

നിര്‍മാണ കരാര്‍ ലഭിച്ചതിന് മൂന്നരക്കോടിയുടെ ഡോളര്‍ യു.എ.ഇ കോണ്‍സുലേറ്റിലെ ഈജിപ്ത്യന്‍ പൗരന്‍ ഖാലിദ് അലി ഷൗക്രിക്കും സന്ദീപ് നായര്‍ക്കും കോഴ നല്‍കിയെന്നായിരുന്നു സന്തോഷ് ഈപ്പന്റെ മൊഴി. ഇതിനു പിന്നാലെയാണ് സി.ബി.ഐ സരിത്തിനേയും സരിതയേയും ചോദ്യം ചെയ്തത്.

സർക്കാർ ഉദ്യോ​ഗസ്ഥർക്ക് കോഴ നൽകിയെന്ന ഇവരുടെ മൊഴിയുമായി അടിസ്ഥാനത്തിലാണ് ശിവശങ്കറിനെയും ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചത്. നാളെ രാവിലെ പത്തരയോടെ കൊച്ചി ഓഫീസില്‍ എത്താനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News