എം.ജി സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം: നാലു മാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല

വഴിമുട്ടിയ പൊലീസ് അന്വേഷണം ചൂണ്ടിക്കാട്ടി പ്രശ്നം ലഘൂകരിക്കാനാണ് സർവകലാശാലാ അധികൃതരുടെ ശ്രമം.

Update: 2023-10-08 01:58 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: എം.ജി സർവകലാശാലയിൽ നിന്നും സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ അന്വേഷണം വഴിമുട്ടി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നുവെന്ന വിശദീകരണമാണ് സർവകലാശാലയുടെ വിശദീകരണം. കഴിഞ്ഞ ജൂണിലാണ് എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും പേരെഴുതാത്ത 54 സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവം പുറത്തായത്.

പരീക്ഷാഭവനിലെ PD 5 വിഭാഗത്തിൽ നിന്നും 54 പി ജി സർട്ടിഫിക്കറ്റുകൾ കാണാതായ കേസിൽ ഗാന്ധി നഗർ പൊലീസ് മോഷണകുറ്റം ചുമത്തി കേസെടുത്തിരുന്നു. എന്നാൽ നാലു മാസം പിന്നിട്ടിട്ടും സർട്ടിഫിക്കറ്റുകൾ ആരാണ് മോഷ്ടിച്ചതെന്ന കാര്യത്തിൽ ഒരു സൂചനയും ഇല്ല . 2023 ഫെബ്രുവരി മുതൽ ജൂൺ 15 വരെയുള്ള കാലയളവിൽ മോഷണം നടന്നതായും പൊലീസ് എഫ്.ഐ.ആറില്‍ വ്യക്തമാണ്.

AB 1623 28 മുതൽ AB 162381 വരെയുള്ള സീരിയൽ നമ്പറിൽ ഉൾപ്പെട്ട പേരെഴുതാത്ത സർട്ടിഫിക്കറ്റുകളാണ് നഷ്ടമായത്. എന്നാൽ വഴിമുട്ടിയ പൊലീസ് അന്വേഷണം ചൂണ്ടിക്കാട്ടി പ്രശ്നം ലഘൂകരിക്കാനാണ് സർവകലാശാലാ അധികൃതരുടെ ശ്രമം. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നായിരുന്നു യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ്റെ ആവശ്യം . ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥരെ സർവകലാശാല ബലിയാടക്കി കൈകഴുകിയെന്നും യൂണിയൻ നേതൃത്വം പ്രതികരിച്ചു .അതേസമയം, സർട്ടിഫിക്കറ്റ് നഷ്ടമായ സം‌ഭവത്തിൽ സർവകലാശാല സസ്പെൻഡ് ചെയ്ത പരീക്ഷാ ഭവനിലെ രണ്ട് ഉദ്യോഗസ്ഥർ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തിരികെ ജോലിയിൽ പ്രവേശിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News