ചന്ദ്രിക കള്ളപ്പണക്കേസ്: പി.കെ കുഞ്ഞാലിക്കുട്ടി ഇ.ഡിക്ക് മുമ്പിൽ ഇന്ന് ഹാജരാകും

പാണക്കാട് മുഈനലി തങ്ങളോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2021-09-16 10:21 GMT

ചന്ദ്രിക കള്ളപ്പണക്കേസിൽ മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും നിയമസഭ കക്ഷി നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരാകും. വൈകീട്ട് നാല് മണിക്കാണ് കൊച്ചി ഇ.ഡി ഓഫിസിൽ ഹാജരാവുക.

സെപ്തംബർ രണ്ടിന് വിളിപ്പിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയിൽ അയച്ച് അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താൻ ഇ.ഡി നിർദേശിച്ചിരുന്നു. എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങൾ മൂലം രാവിലെ എത്തുന്നതിന് പകരം ഉച്ചക്ക് ശേഷം എത്താമെന്ന് അറിയിക്കുകയുമായിരുന്നു. ഇക്കാര്യം ഇ.ഡി സമ്മതിച്ചു.

Advertising
Advertising

ഇ.ഡിയെ കാണുന്നതിന് മുമ്പ് മൂന്നു മണിക്ക് ഗസ്റ്റ് ഹൗസിൽ വെച്ച് മാധ്യമങ്ങളെ കാണുമെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചിട്ടുണ്ട്.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. പാലം പണിയിലെ അഴിമതി വഴികിട്ടിയ 10 ലക്ഷം മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചുവെന്നും നോട്ടു നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കാനാണ് തുക നിക്ഷേപിച്ചതെന്നും കാണിച്ച് ഇത്തരം കാര്യങ്ങളിൽ അന്വേഷണം വേണമെന്ന് ഹൈക്കോടതിയിൽ പരാതി എത്തിയിരുന്നു. തുടർന്ന് ഹൈക്കോടതി ഇ.ഡിയോട് കേസെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവായിരുന്നു പരാതിക്കാരൻ. ഇയാളെയും ഇബ്രാഹിം കുഞ്ഞിനെയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ചന്ദ്രിക ഫിനാൻസ് മാനേജർ സമീറിനെ പലവട്ടം വിളിപ്പിച്ചിരുന്നു. മാനേജർ കണക്കുകൾ സമർപ്പിക്കുകയും അക്കൗണ്ടിൽനിന്ന് പിൻവലിച്ച തുക പി.എഫ് അടക്കാനാണെന്നും അറിയിച്ചതായും വിവരമുണ്ട്.

ചന്ദ്രികയുടെ മറവിൽ നടന്ന ഭൂമി ഇടപാടുകൾ അടക്കമുള്ള ബിനാമി ഇടപാടുകളെ കുറിച്ച് ചോദ്യം ചെയ്യാനാണ് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ വിളിപ്പിച്ചിരിക്കുന്നത്. കെ.ടി ജലീൽ അടക്കമുള്ളവർ ഈ ആരോപണം ഉന്നയിച്ചിരുന്നു.

ചന്ദ്രിക ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും ഇ.ഡി നോട്ടീസ് നൽകിയിട്ടുണ്ട്. പാണക്കാട് മുഈനലി തങ്ങളോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിനെയും ഇ.ഡി വിളിപ്പിച്ചിരുന്നു. വിദേശത്തായിരുന്നതിനാൽ എത്താനാകില്ലെന്ന് അറിയിച്ച ഇദ്ദേഹത്തെ വീണ്ടും വിളിപ്പിക്കാൻ സാധ്യതയുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News