'ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം ഹീനരാഷ്ട്രീയം, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ് നടന്നത്'; മുഖ്യമന്ത്രി

മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുകയെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

Update: 2026-02-25 12:36 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്‍റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. 

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതുമാണ്. എന്നിട്ടും ചില സംഭവങ്ങൾ പർവതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുക. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുത്. ഇതിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്‌യു ആക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

അതേസമയം, മന്ത്രിയെ സമരക്കാര്‍ കയ്യേറ്റം ചെയ്തെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രതികരിച്ചു. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ മന്ത്രിയെ കയ്യേറ്റം ചെയ്തത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കര്‍ പറഞ്ഞു. 

ആരോഗ്യമന്ത്രിക്ക് നേരെയുള്ള ആക്രമണം ജനാധിപത്യ ഭൂഷണമല്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പ്രതികരിച്ചു. കോൺഗ്രസിന്റെ അറിവോടുകൂടിയുള്ള ആക്രമണമാണ് നടന്നതെന്നും ഇത്തരം സമരങ്ങൾ കൊണ്ടൊന്നും എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണയിൽ ഇടിവ് വരില്ലെന്നും മന്ത്രി പറയുന്നു. സർക്കാരിന്റെ ജനപക്ഷ, ജനക്ഷേമ നിലപാടുകൾക്ക് പിന്തുണയേറുന്നത് കൊണ്ടാണ് കോൺഗ്രസ് ഇത്തരം അക്രമ സമരങ്ങളിലേയ്ക്ക് തിരിയുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

  വീണാ ജോർജിന് നേരെ നടത്തിയ അക്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. ഇതൊരു രാഷ്ട്രീയ പ്രതിഷേധമല്ല, മറിച്ച് അക്രമിസംഘത്തെ അഴിച്ചുവിട്ട് മന്ത്രിക്കെതിരെ നടത്തിയ ആസൂത്രിതമായ ഗുണ്ടായിസമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.  ട്രെയിൻ കയറാൻ പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോയ ഒരു വനിതാ മന്ത്രിക്കെതിരെ ഇത്തരത്തിൽ കയ്യേറ്റം നടത്തുന്നത് രാഷ്ട്രീയമല്ല, ശുദ്ധമായ ആഭാസമാണ്. കോൺഗ്രസ് നേതൃത്വം തങ്ങളുടെ അണികളെ കയറൂരി വിട്ട് നാട്ടിലെ സമാധാനം തകർക്കാമെന്നും കലാപം ഉണ്ടാക്കാമെന്നും മോഹിക്കേണ്ട. രാഷ്ട്രീയമായ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ജനാധിപത്യപരമായ വഴികളുണ്ട്. അതിനു പകരം കായികമായി നേരിടാനാണ് ഭാവമെങ്കിൽ, അത്തരം അക്രമങ്ങളെ സർക്കാരും പാർട്ടിയും ഒട്ടും വിട്ടുവീഴ്ചയില്ലാതെ ശക്തമായി തന്നെ നേരിടുമെന്നും മന്ത്രി പറഞ്ഞു. 

ഇന്ന് വൈകിട്ടാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കെഎസ്‍യു കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് പരിക്കേറ്റത്. ഇന്ന് രാവിലെ മുതല്‍ ആരോഗ്യമന്ത്രി കണ്ണൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയിരുന്നു. മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗുമടക്കം വലിയ പ്രതിഷേധമാണ് നടത്തിയത്. തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മന്ത്രി എത്തിയപ്പോഴാണ് കെഎസ്‍യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പൊലീസ് തടയുകയും ചെയ്തു.മന്ത്രി കടന്നുപോകുന്ന സമയത്ത് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എന്നാല്‍ മൂന്നാമത്തെ പ്ലാറ്റ്‍ഫോമില്‍ എത്തിയപ്പോള്‍ കഴുത്തിനും കൈക്കും വേദനയുണ്ടെന്ന് മന്ത്രി പറയുകയായിരുന്നു. ഈ സമയത്ത് റെയില്‍വെ സ്റ്റേഷനിലുണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍ ഷംസീറെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. സ്പീക്കറാണ് ആരോഗ്യമന്ത്രിയോട് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദേശം നല്‍കിയത്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News