ജികെ പിള്ള വ്യത്യസ്ത തലമുറകളുടെ മനസ്സിൽ ഇടം നേടിയ അഭിനേതാവ്: മുഖ്യമന്ത്രി

325ലധികം സിനിമകളിൽ അഭിനയിച്ച നടൻ ജി കെ പിളള 97 വയസ്സിലാണ് അന്തരിച്ചത്

Update: 2021-12-31 05:45 GMT
Advertising

പ്രശസ്ത സിനിമ-സീരിയൽ നടൻ ജികെ പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തനതായ അഭിനയശൈലിയിലൂടെ വ്യത്യസ്ത തലമുറകളുടെ മനസ്സിൽ ഇടം നേടിയ അഭിനേതാവായിരുന്നു ജികെ പിള്ളയെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആറു പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ അഭിനയ ജീവിതം ബ്ലാക്ക് ആൻറ് വൈറ്റ് ചലച്ചിത്രങ്ങൾ മുതൽ ടെലിവിഷൻ സീരിയലുകൾ വരെ വ്യാപിച്ച് നിൽക്കുന്നതാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 97 വയസ്സിലാണ് നടൻ ജി കെ പിളള അന്തരിച്ചത്. 325ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1954ൽ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം. അശ്വമേധം, നായര് പിടിച്ച പുലിവാൽ, ആരോമലുണ്ണി, കാര്യസ്ഥൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. നിരവധി സീരിയലുകളിലും അഭിനയിച്ചു.

തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി 1924 ജൂലൈയിലാണ് ജി. കേശവപിള്ള എന്ന ജി.കെ. പിള്ളയുടെ ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അതിനു ശേഷം സൈന്യത്തിൽ ചേർന്നു. സൈനികനായിരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന് നടനാവാൻ താത്പര്യമുണ്ടായിരുന്നു. 15 വർഷം പട്ടാളത്തിൽ സേവനം നടത്തിയാൽ മാത്രം ലഭ്യമാകുന്ന ആനുകൂല്യങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് സൈനിക ജീവിതത്തിന്റെ 13 ആം വർഷം അഭിനയമോഹവുമായി നാട്ടിലേക്ക് മടങ്ങി. പ്രേംനസീറുമായുണ്ടായിരുന്ന അടുപ്പമാണ് ജി.കെ പിള്ളയെ സിനിമയിലെത്തിച്ചത്.

1954ൽ സ്നേഹസീമ എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാൽ, കൂടപ്പിറപ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. കണ്ണൂർ ഡീലക്സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്സ്പ്രസ് തുടങ്ങിയ സിനിമകളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ലൻ വേഷങ്ങളിലൂടെയാണ് ആദ്യ കാലത്ത് ജി.കെ പിള്ള ശ്രദ്ധേയനായത്. അഭിനയ ജീവിതത്തിൽ ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ജി.കെ പിള്ള സിനിമയിലും സീരിയലുകളിലും സജീവമായി. 65 വർഷം അദ്ദേഹം അഭിനയ രംഗത്ത് തുടർന്നു.

Chief Minister Pinarayi Vijayan offered condolences on the death of renowned film and serial actor GK Pillai.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News