കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: അന്വേഷണം നഴ്‌സിങ് സംഘടനയായ യു.എൻ.എയിലേക്ക്

വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റിലും പൊലീസ് പരിശോധന

Update: 2023-11-30 14:10 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം വഴിത്തിരിവിലേക്ക്. നഴ്‌സിങ്ങ് സംഘടനയായ യു.എൻ.എയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. വിദേശ നഴ്‌സിങ് റിക്രൂട്ട്‌മെന്റിലും പൊലീസ് പരിശോധന നടത്തി. യു.എൻ.എയുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. യു.എൻ.എ സംഘടനക്കുള്ളിലെ തർക്കവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എൻ.എ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് കുട്ടിയുടെ അച്ഛൻ.

അതിനിടെ,  കുട്ടിയെ തട്ടിക്കൊണ്ടുപോയവരില്‍  മൂന്ന് പേരുടെ രേഖാചിത്രങ്ങൾ കൂടി പൊലീസ് പുറത്ത് വിട്ടു. കുട്ടിയുടെ സഹായത്തോടെയാണ് പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്. കൂടുതൽ ആളുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അവരുടെ മുഖം ഓർമയില്ലെന്നും കുട്ടി പറഞ്ഞു. അതേസമയം, ആറുവയസുകാരിയുടെ അച്ഛന്റെ ഫ്‌ളാറ്റിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി.പത്തനംതിട്ടയിലെ ഫ്‌ളാറ്റിലെത്തിയാണ് പരിശോധന നടത്തിയത്. ഫ്ലാറ്റിൽ നിന്ന് ഒരു ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തു. അതിനിടെ  ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറുവയസുകാരി ആശുപത്രി വിട്ടു.കുട്ടിക്ക് കൗൺസിലിംഗ് നൽകുന്നത് തുടരും. കുട്ടിയെ രഹസ്യമൊഴി രേഖപ്പെടുത്തി.കൊല്ലം റൂറല്‍ എസ്.പി ഓഫീസിലെത്തിച്ചാണ് മൊഴിയെടുത്തത്.

എന്നാല്‍ തട്ടിക്കൊണ്ടുപോയിട്ട് നാലു ദിവസം കഴിഞ്ഞിട്ടും പൊലീസിന് തെളിവൊന്നും ലഭിച്ചിട്ടില്ല. വിവിധ സംഘങ്ങൾ ആയി തിരിഞ്ഞ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രയോജനം ഉണ്ടായിട്ടില്ല. സിസിടിവി, വാഹന പരിശോധനകൾ, രേഖചിത്രങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. പ്രതികളുടെ യാതൊരു സൂചനയും, ഇവർ ഉപയോഗിച്ച വാഹനങ്ങളുടെ വിവരങ്ങളും ലഭിച്ചിട്ടില്ല.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News