'ഒരു പാർട്ടി ചിഹ്നത്തിൽ ജയിച്ച മെമ്പർ ഉറങ്ങി എഴുന്നേറ്റപ്പോൾ മറ്റൊരു പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി'; എൽഡിഎഫിനെതിരെ വിമർശനവുമായി ക്രിസ്ത്യൻ പുരോഹിതൻ

കോൺഗ്രസ് മെമ്പർ മഞ്ജുവിനെ കൂറുമാറ്റി പഞ്ചായത്ത് പ്രസിഡൻ്റാക്കിയതിന് പിന്നാലെയാണ് സഹിയോൻ ധ്യാനകേന്ദ്രത്തിൻ്റെ മേധാവി സേവ്യർ ഖാൻ വട്ടയിലച്ചൻ വിമർശനമുന്നയിച്ചത്

Update: 2025-12-29 05:38 GMT

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിലെ അഗളി പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ അട്ടിമറിയിൽ എൽഡിഎഫിനെതിരെ വിമർശനവുമായി ക്രിസ്ത്യൻ പുരോഹിതൻ. കോൺഗ്രസ് മെമ്പർ മഞ്ജുവിനെ കൂറുമാറ്റി പഞ്ചായത്ത് പ്രസിഡൻ്റാക്കിയതിന് പിന്നാലെയാണ് സഹിയോൻ ധ്യാനകേന്ദ്രത്തിൻ്റെ മേധാവി സേവ്യർ ഖാൻ വട്ടയിലച്ചൻ വിമർശനമുന്നയിച്ചത്.

ഒരു പാർട്ടി ചിഹ്നത്തിൽ ജയിച്ച മെമ്പർ ഉറങ്ങി എഴുന്നേറ്റപ്പോൾ മറ്റൊരു പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാവുന്നത് കൺമുൻപിൽ കണ്ടിട്ട് മിണ്ടാതിരുന്നാൽ നമ്മുടെ മനസാക്ഷിയുടെ മുൻപിലും ദൈവത്തിന്റെ മുൻപിലും നാം തെറ്റു ചെയ്യുന്നുവെന്നും സേവ്യർ ഖാൻ ഫേസ്ബുക്കിൽ കുറിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നടന്ന വഞ്ചനയും അട്ടിമറിയും അംഗീകരിക്കാനാവില്ലെന്നും അട്ടപ്പാടിയിലെ ഇടതുപക്ഷ പാർട്ടിക്കൾ അക്ഷരാർഥത്തിൽ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

തത്വസംഹിതകൾ കാറ്റിൽ പറത്തി, ജനാധിപത്യ മര്യാദകൾ തകിടം മറിച്ച്, അരാജകത്വം നടമാടുന്നു. നേതാക്കൾ ഇതിൽ അഭിമാനം കൊണ്ട് ആഘോഷങ്ങൾ നടത്തരുത്. നന്മയെ തിന്മയെന്നും, തിന്മയെ നന്മയെന്നും വിളിക്കരുത്. ജനാധിപത്യവിശ്വാസികളായ മലയാളികളുടെ മുന്നിൽ അട്ടപ്പാടിക്കാരുടെ തല താഴ്ന്നുപോയി. അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കൂറുമാറി പഞ്ചായത്ത് പ്രസിഡന്റായ മഞ്ജു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അന്നും ഇന്നും എന്നും എന്നും കോൺഗ്രസ് പ്രവർത്തകയാണെന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫ് മെമ്പർമാർ പിന്തുണക്കുക മാത്രമാണ് ചെയ്തതെന്നും മഞ്ജു പറഞ്ഞു. കോൺഗ്രസ് പ്രവർത്തക എന്ന നിലയിൽ ആ പിന്തുണ സ്വീകരിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

സേവ്യർ ഖാൻ വട്ടയിലച്ചന്റെ പോസ്റ്റിന്റെ പൂർണരൂപം: 

'തെറ്റ് തെറ്റ് തന്നെ !

അട്ടപ്പാടി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസത്തിൽ നടന്ന വഞ്ചനയും അട്ടിമറിയും ഒരിക്കലും അംഗീകരിക്കാനാവില്ല. അട്ടപ്പാടിയിലെ ഇടതുപക്ഷ പാർട്ടികൾ എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. തത്വസംഹിതകൾ കാറ്റിൽ പറത്തി. ജനാധിപത്യ മര്യാദകൾ തകിടം മാറിച്ചു. അരാജകത്വം നടമാടുന്നു. നേതാക്കൾ ഇതിൽ അഭിമാനം കൊണ്ട് ആഘോഷങ്ങൾ നടത്തരുത്. എനിക്ക് കക്ഷി രാഷ്ട്രീയം താല്പര്യമില്ല. എല്ലാ പാർട്ടികളുടെയും ജനാധിപത്യ അവകാശങ്ങൾ ഞാൻ ആദരിക്കുന്നു. നന്മയെ തിന്മ എന്നും തിന്മയെ നന്മ എന്നും വിളിക്കരുത്. ജനാധിപത്യ വിശ്വാസികളായ മലയാളികളുടെ മുന്നിൽ അട്ടപ്പാടിക്കാരുടെ തല താഴ്ന്നു പോയ ദിവസമാണത്. ഒരു പാർട്ടിയുടെ ചിഹ്നത്തിൽ ജയിച്ച ഒരു മെമ്പർ ഉറങ്ങി എഴുന്നേറ്റപ്പോൾ മറ്റൊരു പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാവുക! ഇത് വഴി സമൂഹത്തിലുണ്ടാകുന്ന അപചയം എല്ലാവരെയും വേദനിപ്പിക്കണം . ഇത് നമ്മുടെ കൺമുൻപിൽ നടക്കുമ്പോൾ ഇതെല്ലാം കണ്ടിട്ട് നാം മിണ്ടാതിരുന്നാൽ നമ്മുടെ മനസാക്ഷിയുടെ മുൻപിലും ദൈവത്തിന്റെ മുൻപിലും നാം തെറ്റു ചെയ്യുന്നു.

സേവ്യർ ഖാൻ വട്ടയിലച്ചൻ' 

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News