ക്ലാസുകള്‍ വീണ്ടും ഓൺലൈനിലേക്ക്; പരീക്ഷാതിയതിയിൽ തൽക്കാലം മാറ്റമില്ല

വിദ്യാർത്ഥികൾക്കിടയിലെ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കും. ഇതിനായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് വാക്‌സിനേഷൻ നൽകും

Update: 2022-01-14 13:05 GMT
Editor : Shaheer | By : Web Desk
Advertising

ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും ഭാഗികമായി അടക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രക്ഷിതാക്കളുടെകൂടി ആശങ്ക പരിഗണിച്ചാണ് ഒന്നുമുതൽ ഒൻപതുവരെ ക്ലാസുകൾ അടക്കാൻ തീരുമാനമായത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ പതിവുപോലെ സ്‌കൂളുകളിൽ തന്നെ നടക്കും.

നേരത്തെ സ്‌കൂളുകൾ പൂർണമായും അടച്ചിടേണ്ടതില്ലെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. പത്തുമുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾ സ്‌കൂളുകളിൽ തന്നെ തുടരാനായിരുന്നു തീരുമാനം. ഇതിന് യോഗം അംഗീകാരം നൽകുകയായിരുന്നു. 15 വയസിനു മുകളിലുള്ളവർക്ക് വാക്‌സിൻ നൽകിയതുകൊണ്ടാണ് പത്താം ക്ലാസ് മുതലുള്ളവർക്ക് സ്‌കൂളിൽതന്നെ ക്ലാസ് തുടരാൻ തീരുമാനിച്ചത്. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗരേഖ തയാറാക്കും. മാർഗരേഖ തിങ്കളാഴ്ച പുറത്തിറക്കും.

വിദ്യാർത്ഥികൾക്കിടയിലെ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കും. ഇതിനായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് വാക്‌സിനേഷൻ നൽകും. വിദ്യാർത്ഥികളുടെ വാക്‌സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കണമെന്ന നിർദേശം നേരത്തെ വന്നിരുന്നു.

അതേസമയം, വാർഷിക പരീക്ഷയുടെ കാര്യത്തിൽ ഇപ്പോൾ അന്തിമ തീരുമാനമെടുക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച രീതിയിൽ തന്നെ പരീക്ഷ നടത്തും. ഏതെങ്കിലും സാഹചര്യത്തിൽ സംസ്ഥാനത്ത് വലിയ രീതിയിൽ കോവിഡ് വ്യാപനമുണ്ടായാൽ മാത്രം പരീക്ഷാതിയതികൾ മാറ്റിയാൽ മതിയെന്നാണ് തീരുമാനം.

സർക്കാർ സ്ഥാപനങ്ങളിലെ കോവിഡ് വ്യാപനം രൂക്ഷമായാൽ അതതു സ്ഥാപനങ്ങൾ അടച്ചിടാം. മേലധികാരികൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. സർക്കാർ പരിപാടികൾ ഓൺലൈനാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News