കാലാവസ്ഥാ വ്യതിയാനം; നോര്‍വീജിയന്‍ സംഘം കേരളത്തിലേക്ക് വരുമെന്ന് മുഖ്യമന്ത്രി

ആധുനിക സാങ്കേതികവിദ്യ എല്ലാമേഖലയിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിലൂടെ മത്സ്യസമ്പത്ത് വലിയ തോതില്‍ ശേഖരിക്കാന്‍ നമുക്ക് കഴിയും.

Update: 2022-10-06 18:23 GMT
Advertising

ആധുനിക സാങ്കേതികവിദ്യ എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാനായി നോര്‍വേയുടെ സഹായം ലഭിക്കാനായി ചര്‍ച്ചകള്‍ നടന്നതായും ഫലം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമായി നോര്‍വീജിയന്‍ സംഘം കേരളത്തിലേക്ക് വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നോര്‍വേയിലെത്തിയ മുഖ്യമന്ത്രി ഓസ്‌ലോയില്‍ നോര്‍വീജിയന്‍ മലയാളി അസോസിയേഷന്‍- നന്മയുടെ സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ കേരളവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നോര്‍വേയ്ക്ക് സംസ്ഥാനത്തിന് വലിയ സഹായം ചെയ്യാന്‍ സാധിക്കും. അതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. വിവിധ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ കഴിഞ്ഞു. ഇനിയും ചര്‍ച്ച നടക്കാനുണ്ട്. ആധുനിക സാങ്കേതികവിദ്യ എല്ലാമേഖലയിലേക്കും വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിലൂടെ മത്സ്യസമ്പത്ത് വലിയ തോതില്‍ ശേഖരിക്കാന്‍ നമുക്ക് കഴിയും.

നമ്മുടെ ബോട്ടുകള്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരേണ്ടതുണ്ട്. കടലില്‍ കൂടുതല്‍ മത്സ്യങ്ങളുള്ള സ്ഥലങ്ങളറിയാനുള്ള സാങ്കേതികവിദ്യ ബോട്ടുകളില്‍ കൊണ്ടുവരാനാവും. അതിനെല്ലാം നോര്‍വെയും സഹായം ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. നടത്തിയ ചര്‍ച്ചകളെല്ലാം ആരോഗ്യകരമായിരുന്നു. നല്ല ഫലം ഉണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ.

നോര്‍വീജിയന്‍ ജിയോടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചര്‍ച്ച ചെയ്തപ്പോള്‍ ഒരുപാട് കാര്യങ്ങളില്‍ അവര്‍ക്ക് സഹായിക്കാന്‍ കഴിയുമെന്ന് മനസിലായി. അവര്‍ മികച്ച ആധുനിക സാങ്കേതിക വിദ്യകള്‍ കൈവശമുള്ളവരാണ്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് അവര്‍ക്ക് നല്ല അവഗാഹമുണ്ട്.

അതിനായി അവരുടെ ഒരു സംഘം കേരളത്തിലേക്ക് വരാനും ഇവിടുത്തെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും അവരോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അതവര്‍ സമ്മതിച്ചിട്ടുണ്ട്. അടുത്തുതന്നെ അവരുടെ ഒരു സംഘത്തെ കേരളത്തിലേക്ക് അയയ്്്ക്കാമെന്ന് അവര്‍ ഉറപ്പുനല്‍കി. അതോടൊപ്പം കേരളത്തിന്റെ പ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാനായി ഒരു ശില്‍പശാല നടത്താനും പരിഹാര നടപടികള്‍ സ്വീകരിക്കാനും അവരുടെ ഉപദേശം സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാം അവര്‍ നേരിട്ടുചെയ്യേണ്ടതില്ല. അതിനായി കേരളത്തില്‍ തന്നെ ചില ഏജന്‍സികളുണ്ട്. അവരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ചെയ്യാന്‍ എന്‍ജിഐയ്ക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News