'ഒരു യൂനിയനിലും ഇല്ലാത്തവരാണ് നോക്കുകൂലി വാങ്ങുന്നത്'; പ്രതികരണവുമായി മുഖ്യമന്ത്രി

നോക്കുകൂലി സാമൂഹിക വിരുദ്ധ നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി പറഞ്ഞു

Update: 2021-09-25 14:40 GMT
Editor : Shaheer | By : Web Desk
Advertising

നോക്കുകൂലി വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു യൂനിയനിലുംപെടാത്തവരാണ് നോക്കുകൂലി ചോദിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സംഘടിത തൊഴിലാളി യൂനിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ല. സാമൂഹികവിരുദ്ധ നടപടിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തടക്കം നോക്കുകൂലിയെച്ചൊല്ലിയുള്ള മര്‍ദനമടക്കമുള്ള സംഭവങ്ങള്‍ വിവാദമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പോത്തന്‍കോട്ട് നോക്കുകൂലി ആവശ്യപ്പെട്ട് നിര്‍മാണതൊഴിലാളികള്‍ക്ക് മര്‍ദനമേറ്റിരുന്നു. പോത്തന്‍കോട് നന്നാട്ടുകാവ് കടുവാക്കുഴിയിലാണ് വ്യാഴാഴ്ച സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ് യൂനിയനുകളില്‍പെട്ടവര്‍ കരാറുകാരനായ മണികണ്ഠനെയും തൊഴിലാളികളെയും മര്‍ദിച്ചത്. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും കാര്യമായ തുടര്‍നടപടിയുണ്ടായിരുന്നില്ല.

ദിവസങ്ങള്‍ക്ക് മുന്‍പ് തുമ്പ വിഎസ്എസ്സിയിലേക്ക് വന്ന കാര്‍ഗോയും നോക്കുകൂലി ആവശ്യപ്പെട്ട് ഒരു സംഘം തൊഴിലാളികള്‍ തടഞ്ഞിരുന്നു. സംഭവത്തിലും കേസെടുത്തിരുന്നെങ്കിലും അംഗീകൃത തൊഴിലാളികളല്ലെന്ന് ചൂണ്ടിക്കാട്ടി തൊഴില്‍ വകുപ്പ് നടപടികള്‍ അവസാനിപ്പിച്ചു. നോക്കുകൂലി വാങ്ങില്ലെന്ന് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂനിയന്‍ ഏറെ പ്രശംസ നേടിയതിനു ശേഷവും ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിക്കുകയാണ്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News