കോവിഡ് വ്യാപനത്തിൽ കുറവ്; ജാഗ്രതയിൽ വീഴ്ച വരുത്തരുതെന്ന് മുഖ്യമന്ത്രി

വാക്സിനെടുത്താലും രോഗവാഹകരാകാം, അശ്രദ്ധ പാടില്ലെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

Update: 2021-05-26 13:11 GMT
Advertising

കോവിഡ് വ്യാപനത്തിൽ കുറവുണ്ടെങ്കിലും ആശ്വസിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സ്ഥിരീകരിക്കുന്നതിനേക്കാൾ രോഗമുക്തി ഉണ്ടാകുന്നുണ്ട്. എന്നാല്‍, ജാഗ്രതയിൽ തരിമ്പും വീഴ്ച വരുത്തരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. ഐ.സി.യു വെന്‍റിലേറ്ററുകളിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് കുറച്ച് നാൾ കൂടി നീളും. ആശുപത്രികളിൽ തിരക്കുണ്ടാകാതിരിക്കുന്നത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.  

വാക്സിനെടുത്താലും രോഗബാധ ഉണ്ടാകും. രോഗവാഹകരാകാനുള്ള സാധ്യതയുമുണ്ട്. വാക്സിൻ എടുത്തെന്നു കരുതി അശ്രദ്ധ പാടില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. മറ്റു രോഗമുള്ളവർ ഒരു തരത്തിലും അവരുടെ ചികിത്സ ഉപേക്ഷിക്കരുത്. ആശുപത്രികളിൽ പോകുന്നതിന് ബുദ്ധിമുട്ടുള്ളതിനാൽ ഇ- സഞ്ജീവനി വഴി ടെലി മെഡിസിൻ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ സാമഗ്രികൾ പൊതുവിപണിയിൽ വിൽക്കുന്നതിനുള്ള വില വിവരം സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. എന്നാൽ മെഡിക്കൽ സ്റ്റോറിൽ ഉൾപ്പെടെ കൂടുതൽ വിലയിക്ക് വിൽക്കുന്നുവെന്ന പരാതിയുണ്ട്. ഇത്തരം നടപടികൾ കണ്ടെത്തുന്നതിനായി പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധ ആരംഭിച്ചതായും സ്ഥാപനം അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഗുണനിലവാരമില്ലാത്ത, കമ്പനികളുടെ പേരില്ലാത്ത പൾസ് ഓക്സീമീറ്ററുകൾ വാങ്ങാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഗുണനിലവാരമുള്ളത് മാത്രമേ വാങ്ങാവൂ. തെറ്റായ വിവരങ്ങൾ രോഗികളെ അപകടപ്പെടുത്തും. അതുകൊണ്ട് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗുണനിലവാരപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലുള്ളവ മാത്രം വാങ്ങണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ബ്ലാക് ഫംഗസ് രോഗത്തിന്‍റെ ചികിത്സക്കാവശ്യമായ മരുന്നുകൾ ലഭ്യമാക്കാൻ വിദേശത്തുള്ള മലയാളി സംഘടനകളോട് ആരാഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. മരുന്ന് ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കമ്പനികളുമായി ചർച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News