കോവിഡ്; മരിച്ചവരില്‍ വലിയ ശതമാനം വാക്സിനെടുക്കാത്തവര്‍, വാക്സിന്‍ പ്രധാനമെന്ന് മുഖ്യമന്ത്രി

ആകെ മൂന്ന് കോടിയിലധികം ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു

Update: 2021-09-15 13:21 GMT
Advertising

സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് ആശ്വാസത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഒരാഴ്ചയ്ക്കിടെ കോവിഡ് ആക്ടീവ് കേസുകളില്‍ കുറവ് വന്നിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ആറു ശതമാനവും പുതിയ കേസുകളുടെ എണ്ണത്തില്‍ 21.09 ശതമാനവും കുറവു വന്നതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

അതേസമയം, സംസ്ഥാനത്ത് രോഗം ബാധിച്ചതിനു ശേഷം ചികിത്സതേടാന്‍ വൈകുന്നവരുടെ എണ്ണം 30 ശതമാനം വർധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ആഗസ്റ്റിൽ ഇത് 22 ശതമാനമായിരുന്നു. രോഗബാധിതര്‍ തക്ക സമയത്ത് ചികിത്സ തേടണമെന്നും ബന്ധുക്കള്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കോവിഡ് വാക്‌സിനേഷനില്‍ കേരളം നിര്‍ണായക ഘട്ടം പിന്നിട്ടുവെന്നും മുഖ്യമന്ത്രി അറിയിച്ചു. 80.17 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. 32.17 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും ലഭിച്ചു. ആകെ മൂന്ന് കോടിയിലധികം ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരില്‍ വലിയ ശതമാനം വാക്സിനെടുക്കാത്തവരാണെന്നും പരമാവധി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കി വൈറസ് ബാധയില്‍ നിന്ന് സംരക്ഷിക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News