തിരുവനന്തപുരത്ത് അസാധാരണ തണുപ്പ്; ഏറ്റവും കുറഞ്ഞ താപനില കൊല്ലം പുനലൂരില്‍
ദിത്‌വ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: ദിത്‌വ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം തിരുവനന്തപുരത്ത് അസാധാരണ തണുപ്പ്. സാധാരണ നിലയേക്കാൾ 4 മുതൽ 8 ഡിഗ്രി വരെ കുറവ് താപനിലയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസം മാത്രം അനുഭവപ്പെട്ടത് മൂന്നാറിന് സമാനമായ തണുപ്പ്. ഏറ്റവും ഉയർന്ന താപനില 26.7 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20.7 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി .സാധാരണയേക്കാൾ 4 മുതൽ 8 ഡിഗ്രി വരെ കുറവാണിത്. കൊല്ലം പുനലൂരിലാണ് ഏറ്റവും കുറഞ്ഞ താപനില. കാസർകോഡ് കണ്ണൂർ ജില്ലകൾ ഒഴികെ കേരളത്തില്‍ തണുപ്പ് അനുഭവപ്പെടുന്നുണ്ട്.
അതേസമയം, ദിത്‌വ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടില്ല. ശക്തി ക്ഷയിച്ച് ന്യൂനമർദമാകാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ തണുത്തുറഞ്ഞ കാലാവസ്ഥ ഇതൊടെ സാധാരണ നിലയിലാകും.
ദിത്‌വ ചുഴലിക്കാറ്റ് തീരം തൊടുമെന്ന സൂചനയെ തുടർന്ന് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പുലർച്ചയോടെ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും വടക്കൻ തമിഴ്‌നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്ക് സമീപം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്ക് അടുക്കുകയും ചെയ്യും. ശ്രീലങ്കയിൽ ദിത്‌വയിൽ വലിയ വെള്ളപ്പൊക്കം ഉണ്ടായി. 153-ലധികം പേർ കൊല്ലപ്പെടുകയും 171 ലധികം പേരെ കാണാതാവുകയും ചെയ്തു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു . രക്ഷാപ്രവർത്തനം തുടരുകയാണ്. കെലനി നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കൊളംബോ പ്രളയഭീതിയിലാണ്. ശ്രീലങ്കയില്‍ ഡിസംബർ 16 വരെ സ്കൂളുകൾ അടച്ചിടും.
കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. 700 ലധികം വീടുകൾ തകർന്നതായാണ് കണക്കുകൾ. വെള്ളപ്പൊക്കത്തിൽ 44,192 കുടുംബങ്ങളിൽ നിന്നുള്ള 1,48,603 പേർ ദുരിതത്തിലായി. 5,024 കുടുംബങ്ങളിൽ നിന്നായി ഏകദേശം 14,000 ആളുകൾ 195 ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.