ചുമട്ടുതൊഴിലാളി രജിസ്ട്രേഷന് മുൻ പരിചയം ആവശ്യമില്ല: ഹൈക്കോടതി

സ്ഥാപനയുടമയുടെയും തൊഴിലാളികളുടെയും അപേക്ഷ പരിഗണിച്ച് ഹെഡ്‌ലോഡ് വർക്കേഴ്‌സ് ആക്ട് പ്രകാരം ചുമട്ടുതൊഴിലാളികളായി രജിസ്റ്റർ ചെയ്യാമെന്നും കോടതി

Update: 2021-09-30 07:12 GMT

സ്വകാര്യ സ്ഥാപനങ്ങൾക്ക് കയറ്റിയിറക്ക് ജോലിക്കായി ചുമട്ടുതൊഴിലാളികളെ നിയമിക്കാമെന്ന് ഹൈക്കോടതി. സ്ഥാപനയുടമയുടെയും തൊഴിലാളികളുടെയും അപേക്ഷ പരിഗണിച്ച് ഹെഡ്‍ലോഡ് വര്‍ക്കേഴ്സ് ആക്ട് പ്രകാരം ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

ജോലിക്കാരെ ചുമട്ട് തൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലം മങ്ങാട് കെ.ഇ.കെ കാഷ്യൂ എന്ന സ്ഥാപന ഉടമയും ജോലിക്കാരും നല്‍കിയ അപേക്ഷ അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ തളളിയിരുന്നു. ഇതിനെതിരായുളള ഹരജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അപേക്ഷകർക്ക് ചുമട്ടുതൊഴിൽ ചെയ്യാനുളള ശേഷിയുണ്ടോ എന്നും തൊഴിലുടമ ഇവരെ ചുമട്ടുതൊഴിലാളിയായി രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാണോ എന്നതും മാത്രമേ നിയമപരമായി പരിശോധിക്കേണ്ടതുളളൂവെന്ന് കോടതി നിരീക്ഷിച്ചു. മുൻപ് ചുമട്ടുതൊഴിലാളികളായി ജോലി ചെയ്തിട്ടുണ്ടോ സ്ഥാപനത്തിന്‍റെ പരിധിയില്‍ മറ്റ് രജിസ്റ്റേര്‍ഡ് ചുമട്ടുതൊഴിലാളികള്‍ ഉണ്ടോ എന്നതൊന്നും പരിഗണിക്കേണ്ടതില്ല. ഹൈക്കോടതിയുടെ മുന്‍ ഉത്തരവുകളും സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഹരജിക്കാരയ തൊഴിലാളികളുടെ അപേക്ഷ തള്ളിയ ലേബര്‍ ഓഫീസറുടെ ഉത്തരവ് റദ്ദാക്കിയ കോടതി 30 ദിവസത്തിനുളളില്‍ ഇവരെ ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനും കൊല്ലം അസിസ്റ്റന്‍റ് ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ഥാപന ഉടമയുടെയും തൊഴിലാളികളുടെയും അപേക്ഷ പരിഗണിച്ച് ഹെഡ്‍ലോഡ് വര്‍ക്കേഴ്സ് ആക്ട് പ്രകാരം ചുമട്ടുതൊഴിലാളികളായി രജിസ്റ്റര്‍ ചെയ്യാമെന്നും കോടതി ഉത്തരവില്‍ പറയുന്നു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News