'നെഞ്ചില്‍ കുടുങ്ങിയ ട്യൂബ് എടുത്തുതരാമെന്ന് പറഞ്ഞു, കടുത്ത ശ്വാസതടസം മൂലം ജോലി വരെ ഉപേക്ഷിക്കേണ്ടി വന്നു '; ആരോഗ്യവകുപ്പിന്റെ വാദങ്ങള്‍ തള്ളി പരാതിക്കാരി
ഡോക്ടറെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പിന്റേതെന്നും വിഷയം ഒതുക്കി തീർക്കാൻ ശ്രമം നടന്നെന്നും സുമയ്യ പറഞ്ഞു
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടെ രോഗിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയതിൽ ആരോഗ്യവകുപ്പിന്റെ വാദം തള്ളി പരാതിക്കാരി.ഡോ.രാജീവ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പിന്റേതെന്നും വിഷയം ഒതുക്കി തീർക്കാൻ ശ്രമം നടന്നെന്നും സുമയ്യ പറഞ്ഞു.കടുത്ത ശ്വാസതടസം മൂലം ജോലി വരെ ഉപേക്ഷിക്കേണ്ടി വന്നെന്നും സുമയ്യ പറയുന്നു.
ശസ്ത്രക്രിയ പിഴവ് നേരത്തെ അറിയാമായിരുന്നുവെന്നും ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നത് കൊണ്ട് കുഴപ്പവുമില്ലെന്നാണ് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം പറഞ്ഞിരുന്നത്.സംഭവത്തില്‍ സുമയ്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടായിരുന്നു സുമയ്യ ശസ്ത്രക്രിയക്ക് വിധേയയായത്. എന്നാൽ പിന്നീട് ശ്വാസതടസം ഉണ്ടായതോടെ മറ്റൊരു ആശുപത്രിയിൽ നടത്തിയ ചികിത്സയിൽ ഗൈഡ് വയർ ധമനികളോട് ഒട്ടിയിരിക്കുന്നതായികണ്ടെത്തി. ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാജോര്‍ജിനും പരാതി നൽകുമെന്നും സുമയ്യ പ്രതികരിച്ചു. ഡോ.രാജീവ് കുമാറിനെതിരെ സുമയ്യയുടെ സഹോദരൻ ഷിനാസ് കണ്ടോൾമെന്റ് പൊലീസിനൽ പരാതി നൽകിയിരുന്നു.