സി.പി.എം ഓഫീസിലേക്ക് പഞ്ചായത്ത് ഓഫീസിന്റെ സ്ഥലം കയ്യേറി വഴി നിർമിക്കുന്നതായി പരാതി

കയ്യേറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി

Update: 2022-10-14 01:43 GMT
Editor : Lissy P | By : Web Desk
Advertising

പാലക്കാട്: മുണ്ടൂരിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ സ്ഥലം കയ്യേറി സി.പി.എം ഓഫീസിലേക്ക് വഴി നിർമ്മിക്കുന്നതായി പരാതി. സി.പി.എം മുണ്ടൂർ ഏരിയ കമ്മിറ്റി ഓഫീസിലേക്ക് വഴിക്കു വേണ്ടി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കയ്യേറിയതായി പരാതി ഉയർന്നിരിക്കുന്നത്. എന്നാൽ കയ്യേറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു.

മുണ്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്ന് പുതുതായി നിർമ്മിക്കുന്ന സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്കും കെ സി ബാലകൃഷ്ണൻ സാന്ത്വന പരിപാലന ഓഫീസിലേക്കും വഴിക്ക് വേണ്ടി ഗ്രാമപഞ്ചായത്തിന്റെ മതിൽ പൊളിച്ച് സ്ഥലം കയ്യേറി എന്നാണ് ആരോപണം. ജില്ലാ കലക്ടർക്ക് ഉൾപ്പെടെ കയ്യേറ്റം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകിയിട്ടുണ്ട്.

സി.പി.എമ്മാണ് മുണ്ടൂർ പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് അധികൃതർ കൈയ്യേറ്റത്തിന് കൂട്ടുനിൽക്കുകയാണെന്നും ആരോപണം ഉണ്ട്. പഞ്ചായത്തിന്റെ സ്ഥലം സംരക്ഷിക്കേണ്ട പ്രസിഡണ്ടും സെക്രട്ടറിയുമടക്കം ഉത്തരവാദിത്തപ്പെട്ട ആളുകളാണ്  പഞ്ചായത്തിന്‍റെ സ്ഥലം കയ്യേറുന്നതെന്ന്  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ പറഞ്ഞു. നിയമപരമായിട്ടും ജനകീയ പ്രക്ഷോഭത്തിലൂടെയും ഈ നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കയ്യേറ്റം നടന്നിട്ടുണ്ടെങ്കിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു പറഞ്ഞു. പഞ്ചായത്ത് സ്ഥലം പാർട്ടി കയ്യേറില്ലെന്നും അങ്ങനെയുണ്ടെങ്കിൽ അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ വിഷയത്തിൽ സമരം ശക്തമക്കനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News