Writer - അൻഫസ് കൊണ്ടോട്ടി
anfas123
കോഴിക്കോട്: ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് യുവതി. ഡിവൈഎസ്പി ഉമേഷ് ടെറസിലേക്ക് വലിച്ചിഴച്ച് പീഡിപ്പിച്ചെന്ന് യുവതി മൊഴി നല്‍കി. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് യുവതിയുടെ മൊഴിയെടുത്തത്. കുറ്റാരോപിതനായ വടകര ഡിവൈഎസ്പി ഉമേഷിനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പ്രതികരിച്ചു. മോശം ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണ് ഉമേഷെന്ന് കോണ്‍ഗ്രസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
രണ്ടാഴ്ച മുമ്പ് ചെര്‍പ്പുളശ്ശേരിയില്‍ ആത്മഹത്യ ചെയ്ത സിഐ ബിനു തോമസിന്റെ 32 പേജുള്ള ആത്മഹത്യാക്കുറിപ്പിലാണ് ഗുരുതരമായ വെളിപ്പെടുത്തല്‍. 2014ല്‍ സിഐ ആയിരിക്കെ അനാശാസ്യ കേസില്‍ പാലക്കാട് ജില്ലയില്‍ അറസ്റ്റിലായ യുവതിയുടെ വീട്ടില്‍ അന്നുതന്നെയെത്തി ഉമേഷ് പീഡിപ്പിച്ചെന്നും അമ്മയും രണ്ട് മക്കളുമുള്ള വീട്ടില്‍ സന്ധ്യാ സമയത്ത് എത്തിയാണ് യുവതിയെ പീഡിപ്പിച്ചതെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.
പൊലീസ് ക്വാര്‍ട്ടേഴസിലാണ് ബിനു തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് മുറിയില്‍ പോയതിന് ശേഷം കാണാതായതോടെ സഹപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ ബിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പ് യുവതി സ്ഥിരീകരിച്ചതോടെ ഡിവൈഎസ്പി ഉമേഷിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് കോഴിക്കോട് ഡിസിസി. ഉമേഷ് മോശം ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥനാണെന്നും എത്രയും വേഗം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാത്തപക്ഷം കോണ്‍ഗ്രസ് പ്രക്ഷോപം നടത്തുമെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പറഞ്ഞു.
വടകര ഡിവൈഎസ്പി ഉമേഷിനെതിരെ മുമ്പും കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു.