'ഇലക്ട്രീഷൻ പണി എന്ന് പറഞ്ഞ് പോയിട്ട് അവിടെ ബാത്റൂം കഴുകുന്നതാണ് പണി' വിസ തട്ടിപ്പിൽ പൊലീസ് നടപടി വൈകിപ്പിക്കുന്നെന്ന് പരാതി

സൗദിയില്‍ കുടുങ്ങിയ ഹൃദികിനെ ജില്ലാ പഞ്ചായത്തംഗം വി.പി ദുല്‍ഖിഫില്‍ ഇടപെട്ടാണ് നാട്ടിലെത്തിച്ചത്

Update: 2025-12-18 03:29 GMT

കോഴിക്കോട്: വിസ തട്ടിപ്പിനെ തുടര്‍ന്ന് നാദാപുരം സ്വദേശിയായ യുവാവ് സൗദിയില്‍ കുടുങ്ങിയ കേസില്‍ നടപടി പൊലീസ് വൈകിപ്പിക്കുന്നെന്ന് പരാതി. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് സര്‍വീസിനെതിരായ പരാതിയിലാണ് മെല്ലെപ്പോക്ക്. സെപ്റ്റംബറില്‍ പരാതി നല്‍കിയ കേസില്‍ പരാതിക്കാരന്റെ മൊഴി കഴിഞ്ഞ ദിവസം കസബ പൊലീസ് രേഖപ്പെടുത്തി.

നാദാപുരം സ്വദേശി ഹൃദിക് ഇലക്ട്രീഷന്‍ ജോലിയെന്നു പറഞ്ഞാണ് ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റ് സര്‍വീസ് എന്ന റിക്രൂട്ടിങ് ഏജന്‍സി വഴി സൗദിയിലെത്തിയത്. എന്നാല്‍ പറഞ്ഞ ജോലിയോ ശമ്പളമോ ലഭിക്കാതെ സൗദിയില്‍ കുടുങ്ങിയ ഹൃദികിനെ ജില്ലാ പഞ്ചായത്തംഗം വി.പി ദുല്‍ഖിഫില്‍ ഇടപെട്ടാണ് നാട്ടിലെത്തിച്ചത്. സെപ്റ്റംബറില്‍ നാട്ടിലെത്തിയ ഹൃദിക് ഉടന്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും എഎംഎസിന്റെ ഉടമകളെ ചോദ്യം ചെയ്യാനോ നടപടിയെടുക്കാനോ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല.

ഹൃദികിനെ പോലെ നിരവധി പേര്‍ തട്ടിപ്പിനിരയായി സൗദിയിലുണ്ടൈന്നും പൊലീസ് അടിയന്തര പ്രധാന്യം നല്‍കണമെന്നും ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി.പി ദുല്‍ഖിഫില്‍ ആവശ്യപ്പെട്ടു.

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയാണ് കസബ പൊലീസിന് കൈമാറിയത്. അന്വേഷണം നടക്കുകയാണെന്ന് കസബ പൊലീസ് അറിയിച്ചു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News