സംഘടനയില്‍ നിന്ന് പുറത്ത് പോയതിന് മലപ്പുറത്ത് കുടുംബത്തെ ഊരുവിലക്കിയതായി പരാതി
കുടുംബം കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി
മലപ്പുറം: കീഴ്ശ്ശേരിയിൽ കുടുംബത്തെ ഊരു വിലക്കിയതായി പരാതി. നഖ്ഷബന്ധിയാ ത്വരീക്കത്ത് വിഭാഗത്തിൽ നിന്ന് പുറത്തു പോയതിനാണ് സംഘടനയുടെ നടപടി.സംഘടനയിൽ നിന്ന് പുറത്തു പോയതോടെ വീട്ടിൽ കയറാൻ അനുവാദം ഉണ്ടായിരുന്നില്ലന്ന് കുടുംബം ആരോപിച്ചു.വർഷങ്ങൾക്കു ശേഷം കഴിഞ്ഞദിവസം ഉമ്മയെ കാണാൻ എത്തിയപ്പോൾ സംഘടന പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.മാനസികവും ശാരീരികവുമായുള്ള പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
സംഘടനയിൽ നിന്ന് പുറത്തുവന്നതോടെ സ്വന്തം വീട്ടിലേക്ക് വരെ കയറാൻ കഴിയാത്ത അവസ്ഥയാണെന്ന് സി.എ റിയാസ് പറഞ്ഞു. ''ഈ പ്രസ്ഥാനത്തിൽ ജനിച്ചു വളർന്നതിന്റെ പേരിൽ,അതിൽ നിന്നും പുറത്തു വരാൻ പറ്റാത്ത ഒരുപാട് ആളുകൾ ഉണ്ട്. അങ്ങനെ ടോർച്ചർ അനുഭവിച്ച് ഞങ്ങളെല്ലാം പുറത്തുവന്നതാണ്. അതിന്റെ പേരിൽ ഭയങ്കരമായ മാനസികവും ശാരീരികവുമായുള്ള പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്ക് സ്വന്തം വീട്ടിലേക്ക് വരെ കയറ്റാൻ കഴിയാത്ത അവസ്ഥയാണ്''. അദ്ദേഹം പറഞ്ഞു.
'ഞാനെന്റെ ഉമ്മനെ കണ്ടിട്ട് ഏകദേശം ഒരു വർഷം കഴിഞ്ഞു. ഇനി കണ്ടാൽ തന്നെ രഹസ്യമായി കാണാൻ പാടുള്ളൂ. ഫോൺവിളികൾ എല്ലാം രഹസ്യമായിട്ടാണ് നടത്തുന്നത്''. മൂന്നുമാസമായിട്ട് ഉമ്മ വിളിക്കാറില്ലെന്നും റിയാസ് പറയുന്നു. സംഭവത്തിൽ കുടുംബം കൊണ്ടോട്ടി പൊലീസിൽ പരാതി നൽകി.