ശബരി റെയിൽ പാത: ചെലവിന്റെ പകുതി തുക സംസ്ഥാന സർക്കാർ വഹിക്കും

1900 കോടി രൂപയാണ് കിഫ്ബി വഴി സർക്കാർ വഹിക്കുക

Update: 2026-02-04 15:29 GMT

തിരുവനന്തപുരം: ശബരി റെയിൽപാതക്കായി ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സർക്കാർ വഹിക്കാൻ മന്ത്രി സഭ യോഗത്തിൽ തീരുമാനം. 1900 കോടി രൂപയാണ് കിഫ്ബി വഴി സർക്കാർ വഹിക്കുക. പദ്ധതിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും റവന്യു അധികാരികൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിക്കാനും മന്ത്രി സഭ യോഗത്തിൽ തീരുമാനമായി.

വാർത്താകുറിപ്പിന്റെ പൂർണരൂപം

അങ്കമാലി-എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ അൻപത് ശതമാനം ചെലവ് വഹിക്കാനും ഇതിനായി 1900 കോടി രൂപ കിഫ്ബി വഴി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Advertising
Advertising

1997-98 റെയിൽവേ ബജറ്റിൽ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയിൽവേ പദ്ധതി, കേരളത്തിന്റെ സമഗ്ര വികസനത്തിനും മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും അത്യന്താപേക്ഷിതമായ ഒരു സുപ്രധാന പദ്ധതിയാണ്. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത ശബരിമല തീർത്ഥാടകർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാമാർഗം ഒരുക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഊർജ്ജം പകരുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ, ദേശീയപാത 66-ൽ സ്ഥിതി ചെയ്യുന്ന അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കും.

പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ, 8 കിലോമീറ്റർ ദൂരത്തേക്കുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. അങ്കമാലി മുതൽ കാലടി വരെയുള്ള 7 കിലോമീറ്റർ ദൂരത്തെ നിർമ്മാണ പ്രവൃത്തികളുടെ ഏകദേശം 90 ശതമാനവും വർഷങ്ങൾക്ക് മുമ്പേ പൂർത്തിയായിരുന്നു. ബാക്കിയുള്ള ദൂരത്തേക്കായി ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചിരുന്നെങ്കിലും, അവയുടെ കാലാവധി അവസാനിച്ചതിനാൽ (lapsed) നടപടികൾ വീണ്ടും ആദ്യഘട്ടം മുതൽ (De Novo) തുടങ്ങേണ്ട അവസ്ഥയിലാണ്. ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങളും റെയിൽവേ ബജറ്റിൽ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും കാരണം കഴിഞ്ഞ 25 വർഷത്തിലേറെയായി ഈ പദ്ധതി സ്തംഭനാവസ്ഥയിലാണ്.

07.01.2021-ലെ സർക്കാർ (G.O(Ms) No. 1/2021/Trans) പ്രകാരം, പദ്ധതി ചെലവിന്റെ 50 ശതമാനം കിഫ്ബി (KIIFB) ഫണ്ടിംഗിലൂടെ വഹിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ആ സമയത്ത് 2,815 കോടി രൂപയായിരുന്ന പദ്ധതി ചെലവ് നിലവിൽ 3,800.9 കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണ്. ഇതിന്റെ പകുതി വിഹിതമാണ് സംസ്ഥാന സർക്കാർ വഹിക്കുക.

ശബരി പദ്ധതിക്കായി 303.58 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. ഭൂമിയേറ്റെടുക്കാൻ 1361 കോടി രൂപയും നിർമ്മാണ പ്രവർത്തനത്തിന് 2439.93 കോടി രൂപയും ചെലവ് വരും. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് പദ്ധതിക്കാവശ്യമുള്ള ഭൂമി ഏറ്റെടുക്കേണ്ടത്. പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കാൻ റവന്യു അധികാരികൾക്ക് നിർദ്ദേശം നൽകി. ഇക്കാര്യം കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിക്കുവാനും മന്ത്രിസഭ തീരുമാനിച്ചു.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് റെയിൽവേ പദ്ധതിക്ക് വേണ്ടി പണം നൽകേണ്ടി വരുന്ന സാഹചര്യം ഒരു സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാകുന്നത്. സംസ്ഥാനത്തെ ദേശീയപാത പദ്ധതിക്കും 5580 കോടി രൂപ കിഫ്ബി വഴി സർക്കാർ അനുവദിച്ചിരുന്നു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News