കോവിഡ് മാനദണ്ഡം ലംഘിച്ച് സി.എസ്.ഐ വൈദികർ ധ്യാനം നടത്തിയതായി പരാതി

ഏപ്രിൽ 13 മുതൽ 17 വരെയാണ് മൂന്നാറിൽ വെച്ച് ധ്യാനം നടത്തിയത്

Update: 2021-05-05 07:25 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സി.എസ്.ഐ വൈദികർ മൂന്നാറിൽ ധ്യാനം നടത്തിയതായി സഭ വിശ്വാസികളുടെ പരാതി. ധ്യാനത്തിൽ പങ്കെടുത്തവരിൽ രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. 80ഓളം പേർ കോവിഡ് ചികിത്സയിലുമാണ്. എന്നാൽ പരാതി അടിസ്ഥാന രഹിതമാണെന്നാണ് സഭയുടെ വാദം.

ഏപ്രിൽ 13 മുതൽ 17 വരെയായിരുന്നു സിഎസ്ഐ ദക്ഷിണ കേരള മഹാഇടവക മൂന്നാർ സി.എസ്.ഐ പള്ളിയിൽ 480 വൈദികരെ ഉൾപ്പെടുത്തി ധ്യാനം നടത്തിയത്. സഭാധ്യക്ഷൻ ധർമ്മരാജ് രസാലത്തിന്‍റെ നേതൃത്വത്തിലായിരുന്നു ധ്യാനം. ധ്യാനത്തിൽ പങ്കെടുത്ത ഫാ.ബിജു മോൻ(52), ഫാ.ഷൈൻ ബി രാജ്(43) എന്നിവർ പിന്നീട് കോവിഡ് ചികിത്സയിലിരിക്കെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 80ഓളം വൈദികർക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തു. ബാക്കിയുള്ളവർ നീരിക്ഷണത്തിലാണ്. ഈ പശ്ചാത്തലത്തിലാണ് സഭയിലെ തന്നെ ഒരു വിഭാഗം വിശ്വാസികൾ വൈദികരുടെ ധ്യാനത്തിനെതിരെ പരാതിയുമായി ചീഫ് സെക്രട്ടറിയെ സമീപിച്ചത്.

വൈദികരുടെ എതിർപ്പ് മറികടന്നാണ് സഭ നേതൃത്വം കോവിഡ് പ്രോട്ടോകോൾ നിലനിൽക്കെ ഇത്തരമൊരു ധ്യാനം നടത്തിയത് എന്ന് വിശ്വാസികൾ ആരോപിക്കുന്നു. ധ്യാനത്തിന് ശേഷം ഇടവകയിൽ എത്തിയ വൈദികർ വിശ്വാസികളുമായി ഇടപഴകിയാതയും പരാതിൽ പറയുന്നു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു ധ്യാനം നടത്തിയ സഭാനേതൃത്വത്തിനെതിരെ കേസ് എടുക്കണമെന്നാണ് സഭയിലെ ഒരു വിഭാഗം വിശ്വാസികളുടെ ആവശ്യം. അതേസമയം കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ധ്യാനം നടത്തിയതെന്നും പരാതിയിലൂടെ സഭയെ മനഃപൂർവം അവഹേളിക്കാൻ ശ്രമിക്കുകയാണെന്നുമാണ് സി.എസ്.ഐ സഭ നേതൃത്വത്തിന്‍റെ വിശദീകരണം.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News