കോഴിക്കോട് സി.പി.എം ജില്ലാകമ്മിറ്റി അറിയാതെ ബ്രാഞ്ച് പിരിച്ചുവിട്ടെന്ന് പരാതി

പാർട്ടി ഓഫീസ് നിർമിച്ചതിന്‍റെയും പാർട്ടി വീട് നിർമിച്ച് നൽകിയതിന്‍റെയും കണക്ക് അവതരിപ്പിക്കാത്തതിനെ ബ്രാഞ്ചിൽ അംഗങ്ങൾ ചോദ്യം ചെയ്തിരുന്നു

Update: 2023-01-12 01:57 GMT
Editor : ijas | By : Web Desk
Advertising

കോഴിക്കോട്: ജില്ലയിൽ സി.പി.എം ജില്ലാ കമ്മിറ്റി അറിയാതെ ബ്രാഞ്ച് പിരിച്ചുവിട്ടെന്ന് പരാതി. സൗത്ത് ഏരിയ കമ്മിറ്റിയ്ക്ക് കീഴിൽ വരുന്ന തളികുളങ്ങര ബ്രാഞ്ചാണ് പിരിച്ച് വിട്ടത്. ബ്രാഞ്ച് നേതൃത്വം ജില്ലാ കമ്മിറ്റിക്ക് പരാതി നൽകി.

സി.പി.എമ്മിന്‍റെ ഭരണഘടന പ്രകാരം ബ്രാഞ്ച് പിരിച്ച് വിടാനുള്ള തീരുമാനമെടുക്കേണ്ടത് ജില്ലാ കമ്മിറ്റിയാണ്. എന്നാൽ തളിക്കുളങ്ങര ബ്രാഞ്ച് പിരിച്ച് വിടാനുള്ള തീരുമാനമെടുത്തത് വളയനാട് ലോക്കൽ കമ്മിറ്റിയാണ്. കമ്മിറ്റി പിരിച്ചുവിടുകയാണെന്ന് മുൻ ലോക്കൽ സെക്രട്ടറിയും ജില്ലാകമ്മിറ്റി അംഗവുമായ നേതാവ് ബ്രാഞ്ച് യോഗത്തിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു.

Full View

പുതുതായി രൂപീകരിച്ച ബ്രാഞ്ചാണ് തളിക്കുളങ്ങര. കഴിഞ്ഞ മാസമാണ് ബ്രാഞ്ച് പിരിച്ച് വിട്ടതായി ജില്ലാ കമ്മിറ്റി അംഗം അറിയിച്ചത്. ഇതിനെതിരെ ബ്രാഞ്ച് നേതൃത്വം ജില്ലാകമ്മിറ്റിക്ക് പരാതി നൽകി. ബ്രാഞ്ചിന്‍റെ പ്രവർത്തനം മികച്ച രീതിയിലല്ല എന്നതാണ് പിരിച്ച് വിടുന്നതിന് കാരണമായി പറഞ്ഞതെന്നും പാർട്ടി ഭരണഘടനയിൽ പറയുന്ന നടപടി ക്രമങ്ങളൊന്നും പാലിക്കാതെയാണ് നേതാവിന്‍റെ നടപടിയെന്നും പരാതിയിലുണ്ട്.

പാർട്ടി ഓഫീസ് നിർമിച്ചതിന്‍റെയും പാർട്ടി വീട് നിർമിച്ച് നൽകിയതിന്‍റെയും കണക്ക് അവതരിപ്പിക്കാത്തതിനെ ബ്രാഞ്ചിൽ അംഗങ്ങൾ ചോദ്യം ചെയ്തിരുന്നു. ഇതാണ് ജില്ലാകമ്മിറ്റി പോലുമറിയാതെയുള്ള തീരുമാനത്തിന് പിന്നിലെന്നാണ് ബ്രാഞ്ച് നേതാക്കളുടെ ആരോപണം. സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലാണ് തളിക്കുളങ്ങര വരുന്നത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News