പോക്‌സോ കേസ് അതിജീവിതയുടെ പിതാവിനെതിരെ കേസ്; കടവന്ത്ര പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ്

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് ഉപരോധം

Update: 2025-12-06 06:56 GMT

തിരുവനന്തപുരം: ഒമ്പതു വയസുളള മകള്‍ക്കു നേരെ നടുറോഡില്‍ ലൈംഗിക അതിക്രമം നടത്തിയയാളെ പിടികൂടി പൊലീസിലേല്‍പ്പിച്ച പിതാവിനെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമമെന്ന് പരാതി. പോക്‌സോ കേസിലെ പ്രതിയുടെ പരാതിയില്‍ പെണ്‍കുട്ടിയുടെ പിതാവിനെതിരെ എടുത്ത കേസിനെ ചൊല്ലിയാണ് വിവാദം. കൊച്ചി കടവന്ത്ര പൊലീസിന്റെ നടപടിയില്‍ ദുരൂഹതയാരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.

സംഭവത്തില്‍ പ്രതിഷേധിച്ച് കടവന്ത്ര പൊലീസ് സ്റ്റേഷന്‍ കോണ്‍ഗ്രസ് ഉപരോധിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് ഉപരോധം. കുട്ടിയുടെ പിതാവ് സിപിഎം പ്രവര്‍ത്തകനായിരുന്നിട്ടും സിപിഎമ്മും പൊലീസും ചേര്‍ന്ന് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും പൊലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.

Advertising
Advertising

'നീതി ലഭിക്കേണ്ടത് ഒരു സിപിഎം പ്രവര്‍ത്തകനാണ്. ഇത് രാഷ്ട്രീയമല്ല. പിഞ്ചുകുഞ്ഞിനെ ഉപദ്രവിച്ച കുട്ടിയെ രക്ഷിക്കാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ നടപടിയെടുക്കാനാണെങ്കിലും മുഖ്യമന്ത്രി തയ്യാറാവണം'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം ഇരുപത്തിയഞ്ചാം തീയതി വൈകിട്ട് നാലരയോടെയാണ് നടുറോഡില്‍ ഒമ്പതുവയസുകാരിയ്‌ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. ഇളയ സഹോദരിക്കൊപ്പം റോഡില്‍ സൈക്കിള്‍ ചവിട്ടാനിറങ്ങിയ പെണ്‍കുട്ടിയ്ക്കു നേരെ പതിനേഴു വയസുകാരന്‍ നടത്തിയ ലൈംഗിക അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കമുളള തെളിവുകളും ഉണ്ട്. അക്രമം നടത്തിയ ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ കുട്ടിയുടെ പിതാവ് പിന്തുടര്‍ന്ന് പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ കേസ് ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക സിപിഎം നേതാക്കളടക്കം സമീപിച്ചെങ്കിലും വഴങ്ങിയില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

കേസെടുത്തത് അറിഞ്ഞ പിതാവ് കഴിഞ്ഞദിവസം തന്നെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.കുട്ടിയുടെ പിതാവിനെതിരെ കൂടുതല്‍ നടപടികളുണ്ടാവില്ലെന്ന് കടവന്ത്ര പൊലീസ് പറയുന്നുണ്ടെങ്കിലും മകള്‍ക്കെതിരായ ലൈംഗിക അതിക്രമ കേസിനെ ദുര്‍ബലപ്പെടുത്താനുളള നീക്കമാണോ നടക്കുന്നതെന്ന ഭയം കുട്ടിയുടെ കുടുംബത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് കടവന്ത്ര പൊലീസിന്റെ നടപടികളില്‍ സംശയമാരോപിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News