ചെറുപ്പത്തിന് 'കൈ' കൊടുക്കാൻ കോൺഗ്രസ് ; പ്രഖ്യാപനവുമായി വി.ഡി സതീശന്‍
നിയമസഭാ തെരഞ്ഞെടുപ്പിൽ യുവജനങ്ങൾക്കും സ്ത്രീകൾക്കും മുൻഗണന നൽകുമെന്നും സതീശന്‍ പറഞ്ഞു
കേരളത്തിൽ തലമുറ മാറ്റത്തിനൊരുങ്ങി കോൺഗ്രസ്.നിയമസഭാ തെരഞ്ഞെടുപ്പിൽ 5 ശതമാനം സീറ്റുകൾ യുവജനങ്ങൾക്കും സ്ത്രീകൾക്കും നൽകുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ പ്രഖ്യാപനം.തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ കൂട്ടായി നയിക്കും.
ഉദയ്പൂർ ചിന്തൻ ശിബിര തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും 'ദി ഇന്ത്യൻ എക്സ്‍പ്രസിന്' നല്‍കിയ അഭിമുഖത്തില്‍ സതീശന്‍ വ്യക്തമാക്കി.പാർട്ടിയിലായാലും നിയമസഭയിലായാലും 50 ശതമാനം പ്രാതിനിധ്യം യുവാക്കൾക്കും സ്ത്രീകൾക്കും നീക്കിവെക്കണമെന്നായിരുന്നു ഉദയ്പൂരിലുണ്ടായ തീരുമാനം.
നിലവിൽ യുഡിഎഫിന് അനുകൂല തരംഗമാണ്. എൽഡിഎഫിനെതിരായ ഭരണവിരുദ്ധ വികാരം കൂടുതൽ ശക്തമാകും,തെരഞ്ഞെടുപ്പിൽ യുവജനങ്ങൾക്കും സ്ത്രീകൾക്കും മുൻഗണന നൽകുമെന്നും സതീശന്‍ പറഞ്ഞു.
'കഴിഞ്ഞ നാലര വർഷത്തിനിടയിൽ, എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചു.സിപിഎം വിജയിച്ച ചേലക്കരയിൽ, എൽഡിഎഫിന്റെ ഭൂരിപക്ഷം 40,000 ൽ നിന്ന് 12,000 ആയി കുറച്ചു. നിലവിലുള്ള ഈ യുഡിഎഫ് അനുകൂല പ്രവണത നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.മുഖ്യധാരാ രാഷ്ട്രീയത്തിൽ കോണ്‍ഗ്രസിന് ഇതിനകം തന്നെ നിരവധി യുവ, ജനപ്രിയ നേതാക്കളുണ്ട്. സിപിഎമ്മിൽ നിന്ന് വ്യത്യസ്തമായി, ഞങ്ങൾക്ക് രണ്ടാം, മൂന്നാം നിര നേതാക്കളുണ്ടെന്നും' സതീശന്‍ പറഞ്ഞു.
'യുഡിഎഫിന് കൂട്ടായ നേതൃത്വമുണ്ട്. ഞങ്ങൾ ഒരു ടീമായി പ്രവർത്തിക്കുന്നു. കോൺഗ്രസ് അവരുടെ മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിക്കാറില്ല. കേരളത്തിലും ഇത് തന്നെയായിരിക്കും പിന്തുടരുക. തെരഞ്ഞെടുപ്പിന് ശേഷം നടപടിക്രമങ്ങൾക്കനുസൃതമായി എഐസിസിയായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക.'..സതീശന്‍ പറഞ്ഞു.