'മുഖ്യമന്ത്രിക്ക് ശുനകന്‍റെ ബുദ്ധിപോലുമില്ല'; അധിക്ഷേപ പ്രസംഗവുമായി കോൺഗ്രസ് നേതാവ്
കെ. സുധാകരന്‍ പിണറായി വിജയനെ ആക്ഷേപിച്ചതിൽ യാതൊരു തെറ്റുമില്ലെന്നും ധൈര്യമുണ്ടെങ്കിൽ കേരളത്തിലെ എല്ലാ കോൺഗ്രസുകാർക്കെതിരെയും കേസെടുക്കണമെന്നുമാണ് അരവിന്ദൻ പറയുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ.പി.സി.സി അംഗം എ. അരവിന്ദന്‍. മുഖ്യമന്ത്രിക്ക് ശുനകന്‍റെ ബുദ്ധിപോലുമില്ലെന്നും ശുനകപുത്രനാണ് പിണറായി വിജയനെന്നുമാണ് പരാമര്‍ശം. കെ. സുധാകരനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് താമരശ്ശേരിയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു അധിക്ഷേപ പ്രസംഗം. മുന്‍ മന്ത്രി എം എം മണിയെയും അസഭ്യ വാക്കുകള്‍ ഉപയോഗിച്ച് അരവിന്ദൻ അധിക്ഷേപിച്ചു.
മുഖ്യമന്ത്രി കേരളം ഭരിക്കാന്‍ യോഗ്യനല്ലെന്ന തരത്തിലാണ് അരവിന്ദന്‍റെ പ്രസംഗം. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ പിണറായി വിജയനെ ആക്ഷേപിച്ചതില്‍ യാതൊരു തെറ്റുമില്ലെന്നും ധൈര്യമുണ്ടെങ്കില്‍ കേരളത്തിലെ എല്ലാ കോണ്‍ഗ്രസുകാര്‍ക്കെതിരെയും കേസെടുക്കണമെന്നുമാണ് അരവിന്ദന്‍ പറയുന്നത്. പൊലീസുകാര്‍ ഇത് കേള്‍ക്കുകയാണെങ്കില്‍ കേസെടുക്കൂ എന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.
സംഭവം വിവാദമായതോടെ പ്രതിഷേധ പ്രകടനവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തി. എ.അരവിന്ദനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുമുണ്ട്. താമരശ്ശേരി പഞ്ചായത്തിലെ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാനും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമാണ് എ. അരവിന്ദന്‍.
മുഖ്യമന്ത്രിയെ പുകഴ്ത്തി മുൻ കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ്
മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി മുൻ കോൺഗ്രസ് നേതാവ് എ.വി ഗോപിനാഥ്. വികസനകാര്യത്തിൽ തന്റെ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ മുഴുവൻ മുഖ്യമന്ത്രിക്കൊപ്പമാണെന്നും തന്റെ ആത്മസുഹൃത്തായ കെ.വി തോമസ് പോലും ഇക്കാര്യം പറയുന്നുണ്ടെന്നും എ.വി ഗോപിനാഥ് പറഞ്ഞു. ഒളപ്പമണ്ണ സാംസ്‌കാരിക മന്ദിരം ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു ഗോപിനാഥിന്റെ പ്രശംസ.
നേരത്തെ ഈ പരിപാടിക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചത് വലിയ വാർത്തയായിരുന്നു. സ്ഥലം എം.പിയായ രമ്യ ഹരിദാസിനെ അടക്കം കോൺഗ്രസ് നേതാക്കളെ പൂർണമായും ഒഴിവാക്കിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. വികസനകാര്യത്തിൽ എ.വി ഗോപിനാഥിനെപ്പോലുള്ളവർ സഹകരിക്കുന്നത് നല്ലകാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇനിയും കൂടുതൽ സഹകരിക്കാൻ തയ്യാറാവുകയാണെങ്കിൽ അതും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. ഗോപിനാഥ് അടക്കമുള്ളവരെ സിപിഎമ്മിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
പുതിയ ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എ.വി ഗോപിനാഥ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചത്. പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കണമെന്ന് ഗോപിനാഥ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിസിസി പ്രസിഡന്റ് പദവി വാഗ്ദാനം ചെയ്തായിരുന്നു നേതൃത്വം അദ്ദേഹത്തെ അനുനയിപ്പിച്ചത്. എന്നാൽ എ.വി തങ്കപ്പനെയാണ് ഡിസിസി പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ രാജി.
ഡിസിസി പ്രസിഡന്റ്, കെപിസിസി അംഗം, 43 വർഷം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിച്ച ഗോപിനാഥ് ആലത്തൂരിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎയും ആയിട്ടുണ്ട്.