ബത്തേരിയിൽ ചെയർപേഴ്‌സൺ സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസ്-ലീഗ് തർക്കം അവസാനിച്ചു
ആദ്യത്തെ രണ്ടര വർഷം തങ്ങൾക്ക് വേണമെന്ന് അവകാശവാദമാണ് മുസ്‍ലിം ലീഗ് ഉന്നയിച്ചത്
സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലെ ചെയർപേഴ്സൺ സ്ഥാനത്തെ ചൊല്ലിയുള്ള ലീഗ്-കോൺഗ്രസ് തർക്കം പരിഹരിച്ചു. ആദ്യ രണ്ടര വർഷം മുസ്‍ലിം ലീഗ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. ലീഗിലെ റസീന അബ്ദുൽ ഖാദർ ചെയർപേഴ്സനാകും. കോൺഗ്രസിലെ ഇന്ദ്രജിത്ത് ആണ് വൈസ് ചെയർപേഴ്സനാവുക.
36 വാർഡുകളുള്ള ബത്തേരി നഗരസഭയിൽ 20 സീറ്റുകൾ നേടിയാണ് യുഡിഎഫ് എൽഡിഎഫിൽ നിന്ന് നഗരസഭ പിടിച്ചെടുത്തത്. 14 സീറ്റിലാണ് എൽഡിഎഫ് ഇവിടെ വിജയിച്ചത്. ഒരു സീറ്റിൽ ബിജെപിയും ഒരു സീറ്റ് സ്വതന്ത്രനും വിജയിച്ചു. ചെയർമാൻ സ്ഥാനം ആർക്കുവേണമെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുകയായിരുന്നു. ആദ്യത്തെ രണ്ടര വർഷം തങ്ങൾക്ക് വേണമെന്ന് അവകാശവാദമാണ് മുസ്‍ലിം ലീഗ് ഉന്നയിച്ചത്.ഇതേ വാദം ഉന്നയിച്ച് കോൺഗ്രസും രംഗത്തെത്തി. ഇത് ചെയർപേഴ്സണെ തെരഞ്ഞെടുക്കുന്നതിൽ പ്രതിസന്ധി ഉണ്ടാക്കി.
യുഡിഎഫ് നേതൃത്വം നടത്തിയ ചർച്ചക്കൊടുവിൽ ആണ് ആദ്യത്തെ രണ്ടരവർഷം ലീഗിനും, വൈസ് ചെയർപേഴ്സൺ കോൺഗ്രസിനും നൽകാമെന്ന ധാരണയിൽ പ്രശ്നം പരിഹരിച്ചത്.ബത്തേരി നഗരസഭയ്ക്ക് പുറമേ മാനന്തവാടി നഗരസഭയിൽ ആണ് യുഡിഎഫ് അധികാരത്തിലെത്തിയത്. ഇവിടെ കോൺഗ്രസിലെ ജേക്കബ് സെബാസ്റ്റ്യൻ ചെയർപേഴ്സനാകും.
അതിനിടെ, ഇടുക്കി ജില്ലയിലെ രണ്ടു മുൻസിപ്പാലിറ്റികളിലും ചെയർമാൻ സ്ഥാനാർഥികളെ നിശ്ചയിച്ച് യുഡിഎഫ്. കട്ടപ്പന നഗരസഭയിൽ ജില്ലാ യുഡിഎഫ് ചെയർമാൻ ജോയ് വെട്ടിക്കുഴി ചെയർമാനാകും. ലീലാമ്മ ബേബി വൈസ് ചെയർമാൻ ആകും. സ്ഥാനാർഥി ആരാകുമെന്ന് തർക്കം നില നിന്നിരുന്ന തൊടുപുഴയിൽ ആദ്യ ടേം മുസ്‍ലിം ലീഗിന് നൽകി പ്രശ്നം പരിഹരിച്ചു. ആദ്യ രണ്ട് വർഷം ലീഗിലെ സാബിറാ ജലീൽ ചെയർപേഴ്സൺ ആകും. തുടർന്നുവരുന്ന രണ്ടുവർഷം കോൺഗ്രസിനും ഒരു വർഷം കേരള കോൺഗ്രസിനും ചെയർപേഴ്സൺ സ്ഥാനം നൽകുവാൻ മുന്നണി ധാരണയായി. മുൻ ചെയർമാൻ കെ ദീപക് ആദ്യ രണ്ടുവർഷം വൈസ് ചെയർമാൻ സ്ഥാനം വഹിക്കും.