എം.സി ജോസഫൈനെ വഴിതടയുമെന്ന് കെ.സുധാകരന്‍

കഴിഞ്ഞ നാലര വർഷം ഇത്തരമൊരു വിപത്തിനെ സ്ത്രീകൾക്ക് മേൽ കെട്ടിവെച്ച സർക്കാർ എത്രയും വേഗം തെറ്റു തിരുത്തി അപമാനിതരായ സ്ത്രീകളോട് മാപ്പ് പറയണം.

Update: 2021-06-24 15:01 GMT
Advertising

വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ വഴിതടയല്‍ സമരവുമായി കോണ്‍ഗ്രസ്. അധികാരത്തില്‍ നിന്നും പുറത്താക്കുന്നത് വരെ എം.സി ജോസഫൈനെ വഴി തടയുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അല്ലെങ്കില്‍ ഒരുപക്ഷേ അവര്‍ ഔദ്യോഗികമായി ഇടപെടുന്ന ഇടങ്ങളില്‍, ആ ഇടപെടല്‍ കൊണ്ട് മാത്രം അവസാന പ്രതീക്ഷയും അവസാനിച്ച് ഇരകള്‍ ആത്മഹത്യ ചെയ്യുന്നത് ഇനിയും നമ്മള്‍ കാണേണ്ടി വരും. അത്തരമൊരു ദുരന്തസാധ്യത ഒഴിവാക്കാനാണ് സാധാരണ പ്രതിഷേധ മാര്‍ഗം എന്നതിനേക്കാള്‍ ഉപരി കൃത്യനിര്‍വ്വഹണത്തില്‍ നിന്ന് അവരെ ജനാധിപത്യപരമായി തടയുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എം.സി ജോസഫൈനെ ഇനിയും തൽസ്ഥാനത്ത് തുടരാൻ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണ്.

ആദ്യമായിട്ടല്ല ഇവർ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് ഇത്തരത്തിൽ ഇരകളെ അപമാനിക്കുന്ന പരസ്യ പ്രസ്ഥാവന നടത്തുന്നത്.

അങ്ങേയറ്റം പിന്തിരിപ്പൻ മാനസികാവസ്ഥയിൽ നിന്നുകൊണ്ടാണ് അവർ ഇരകളാക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്യുന്നതും അപമാനിക്കുന്നതും.

സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ പരാതി വരെ ഒരു പാഴ് പാർട്ടി കമ്മീഷൻ ഉണ്ടാക്കി തീവ്രത കുറഞ്ഞ പീഡനം എന്ന് പറഞ്ഞ് പരിഹസിച്ചത് നമ്മൾ കണ്ടതാണ്.

പരസ്യമായി ഇത്രയും ധിക്കാരം പീഡിതരായ സ്ത്രീകളോട് കാണിക്കുന്നുവെങ്കിൽ അവർക്ക് മുൻപിൽ എത്തുന്ന സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും?

കഴിഞ്ഞ നാലര വർഷം ഇത്തരമൊരു വിപത്തിനെ സ്ത്രീകൾക്ക് മേൽ കെട്ടിവെച്ച സർക്കാർ എത്രയും വേഗം തെറ്റു തിരുത്തി അപമാനിതരായ സ്ത്രീകളോട് മാപ്പ് പറയണം. ഇനിയും ജോസഫൈനെ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ആണ് ഭാവമെങ്കിൽ അത് സമൂഹത്തിനും, സ്ത്രീകൾക്കും, കുട്ടികൾക്കും എതിരായ സർക്കാരിന്റെ വെല്ലുവിളി ആയിട്ടാണ് കെ.പി.സി.സി മനസ്സിലാക്കുന്നത്.

ജോസഫൈൻ ഇനിയും അധികാരത്തിൽ തുടരാൻ ഒരു കാരണവശാലും ഞങ്ങൾ അനുവദിക്കില്ല.

അധികാരത്തിൽ നിന്നും പുറത്താക്കുന്നത് വരെ എം.സി ജോസഫൈനെ വഴി തടയാനാണ് ഞങ്ങളുടെ തീരുമാനം. അല്ലെങ്കിൽ ഒരുപക്ഷേ അവർ ഔദ്യോഗികമായി ഇടപെടുന്ന ഇടങ്ങളിൽ, ആ ഇടപെടൽ കൊണ്ട് മാത്രം അവസാന പ്രതീക്ഷയും അവസാനിച്ച് ഇരകൾ ആത്മഹത്യ ചെയ്യുന്നത് ഇനിയും നമ്മൾ കാണേണ്ടി വരും. അത്തരമൊരു ദുരന്തസാധ്യത ഒഴിവാക്കാനാണ് സാധാരണ പ്രതിഷേധ മാർഗം എന്നതിനേക്കാൾ ഉപരി കൃത്യനിർവ്വഹണത്തിൽ നിന്ന് അവരെ ജനാധിപത്യപരമായി തടയേണ്ടതുണ്ടെന്ന് കെ.പി.സി.സി തീരുമാനിച്ചത്.

Full View


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News