ബി.ജെ.പിക്കൊപ്പം യു.എ.പി.എ, എൻ.ഐ.എ ബില്ലുകളെ കോൺഗ്രസും പിന്തുണച്ചു: മുഖ്യമന്ത്രി

എല്ലാ വിഷയത്തിലും സംസാരിക്കുന്ന രാഹുൽ ഗാന്ധി പൗരത്വ നിയമത്തെപ്പറ്റി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

Update: 2024-03-16 14:49 GMT
Advertising

വയനാട്: യു.എ.പി.എ, എൻ.ഐ.എ ബില്ലുകളെ ബി.ജെ.പിയോടൊപ്പം കോൺഗ്രസും പിന്തുണച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിൽ കേരളത്തിൻ്റെ ശബ്ദം എന്നും എല്ലാവരും കാതോർക്കാറുണ്ടായിരുന്നതാണ്. എന്നാൽ സമീപകാലത്ത് അങ്ങനെയായിരുന്നില്ല. ബാക്കി എല്ലാ വിഷയത്തിലും സംസാരിക്കുന്ന രാഹുൽ ഗാന്ധി പൗരത്വ നിയമത്തെപ്പറ്റി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. വയനാട്ടിൽ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

"കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയേൽക്കാൻ കാരണം ബി.ജെ.പി വീണ്ടും വരുമോ എന്ന ഭയം തന്നെയായിരുന്നു. ബി.ജെ.പിയെ തോൽപ്പിക്കാൻ കോൺഗ്രസ് എന്നത് ശുദ്ധമനസ്കർക്ക് തോന്നി. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകണം എന്ന് ശരാശരി മലയാളി ചിന്തിച്ചു. ഇത് എൽ.ഡി.എഫിനോട് വിരോധമുള്ളതുകൊണ്ട് ജനങ്ങൾ തീരുമാനിച്ചതല്ല"-  മുഖ്യമന്ത്രി പറഞ്ഞു. 

"ഭാരത് ജോഡോ ന്യായ് യാത്ര നടത്തുകയാണല്ലോ ഇവിടുത്തെ സ്ഥാനാർഥി. പൗരത്വ ഭേദഗതി നിയമത്തെ പറ്റി അരയക്ഷരം പറഞ്ഞോ അദ്ദേഹം? എന്താണ് പറയാത്തത്? ബാക്കിയെല്ലാം പറയുന്നുണ്ടല്ലോ. വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യത്തോടൊപ്പം എന്തുകൊണ്ട് ഇവിടുത്തെ എം.പി ശബ്ദമുയർത്തിയില്ല. വന്യജീവികളേക്കാൾ വിലയുണ്ട് മനുഷ്യ ജീവനെന്ന് കാണാനാകണം. വന്യജീവി ശല്യം രൂക്ഷമായാൽ സംസ്ഥാനത്തിന് നടപടി സ്വീകരിക്കാൻ നിലവിലെ നിയമപ്രകാരം ഏറെ പരിമിതികളുണ്ട്. നമ്മുടെ പ്രശ്നങ്ങൾ പാർലമെൻ്റിലുന്നയിക്കാൻ പറ്റുന്ന ജനപ്രതിനിധികൾ വേണം നമുക്ക്. ആനി രാജ സംസാരിക്കുന്നത് ആളുകൾ കേട്ടു. അവരുടെ പ്രവർത്തനം ആളുകൾ കണ്ടു." മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.  

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News