'നിയമമല്ല,ധാർമികതയാണ് വിഷയം'; രാഹുൽ മാറി നിൽക്കണമെന്ന് കോൺഗ്രസിലെ വനിതാ നേതാക്കൾ

ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടെന്നും സ്ത്രീകളുടെ സുരക്ഷയാണ് പ്രധാനമെന്നും ബിന്ദു കൃഷ്ണ

Update: 2025-08-24 06:58 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കോണ്‍ഗ്രസിലെ വനിതാ നേതാക്കളും രംഗത്ത്. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്‍,ദീപ്തി മേരി വര്‍ഗീസ്,ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ മീഡിയവണിനോട് പറഞ്ഞു.

രാഹുലിന്‍റെ കാര്യത്തില്‍ കോൺഗ്രസ് മാതൃകപരമായ തീരുമാനം എടുക്കുമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.നിയമമോ,പരാതിയോ അല്ല, ധാർമികത തന്നെയാണ് വിഷയം. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും കോൺഗ്രസ് എടുക്കുന്ന പോലൊരു തീരുമാനം എടുക്കാൻ സാധിക്കില്ല.കോൺഗ്രസിന്റേത് വിപ്ലവകരമായ നടപടിയാണെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. രാഹുല്‍ മാറി നില്‍ക്കണമെന്ന് തന്നെയാണ് തന്‍റെ നിലപാട്.സ്ത്രീകളുടെ മനസ്സാക്ഷിയോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ഷാനിമോള്‍ പറഞ്ഞു.

Advertising
Advertising

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്നത് അന്വേഷണത്തിൽ തെളിയട്ടെയെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. ഒരു തെളിവുമില്ലെങ്കിലും രാഹുല്‍ മാറി നിൽക്കണം എന്നാണ് കോൺഗ്രസ് നിലപാട് എടുത്തത്. ഇപ്പോൾ പുറത്ത് വരുന്ന ചാറ്റുകളും ശബ്ദരേഖകളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് പുറത്ത് വരുന്നത്.ഇതൊക്കെ തെളിയിക്കപ്പെടേണ്ട കാര്യങ്ങളാണ്. രാഹുലിന്റെ രാജി കോൺഗ്രസിന്റെ മേലുള്ള കളങ്കമല്ല, ആര് എന്ത് തെറ്റ് ചെയ്താലും അതിന്റെ ഉത്തരവാദിത്തം അതത് വ്യക്തികള്‍ക്കാണ്.ഇതിന്‍റെയൊക്കെ  ബാധ്യത ഏറ്റെടുക്കേണ്ട ആവശ്യം കോൺഗ്രസിനില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തിരുത്തേണ്ടത് അതത് വ്യക്തികളാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.  

രാഹുലിനെതിരെ എത്രയും വൈകാതെ പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി. പുറത്ത് വന്ന ആരോപണങ്ങൾ ഒരു പൊതുപ്രവർത്തകനിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തത്. ഇത്തരമൊരു ആരോപണം ഉയർന്ന് 24മണിക്കൂറിനുള്ളിൽ പാർട്ടി ആദ്യഘട്ടത്തിൽ അതിൽ തീരുമാനമെടുത്തിരുന്നു. രണ്ടാം ഘട്ടത്തിലും പാർട്ടി ഉടൻ തീരുമാനം എടുക്കും. സാധാരണ വ്യക്തിയിൽ നിന്ന് പോലും ഇത്തരം ചിന്തകൾ പോലും ഉണ്ടാകാൻ പാടില്ല. ജനപ്രതിനിധിയില്‍ നിന്ന്,ജനങ്ങള്‍ക്ക് മാതൃകയാകേണ്ട ആളില്‍ നിന്ന് ഒരിക്കലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല.അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ടെന്നും  സ്ത്രീകളുടെ സുരക്ഷയാണ് പ്രധാനമെന്നും ബിന്ദു കൃഷ്ണ  പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News