തദ്ദേശ തെരഞ്ഞെടുപ്പ്; ഇടുക്കിയിൽ നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മണിക്കൂറുകൾക്ക് മുമ്പ് കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സമവായം
വിമതനായി മത്സരിക്കാനൊരുങ്ങിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റിനെ മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചു
ഇടുക്കി: അവസാന നിമിഷം വരെയും നാടകീയ രംഗങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു ഇടുക്കിയിൽ കോൺഗ്രസിന്റെ നാമനിർദ്ദേശ പത്രിക സമർപ്പണം. സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷവും ജില്ല പഞ്ചായത്ത് ഡിവിഷനുകളെ ചൊല്ലി തർക്കങ്ങളുയർന്നു. വിമതനായി മത്സരിക്കാനൊരുങ്ങിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ മുതിർന്ന നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചാണ് പത്രിക സമർപ്പിച്ചത്.
ദിവസങ്ങൾ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സ്ഥാനാർഥി പട്ടികയിൽ സമവായം. ഉപ്പുതറ ഡിവിഷനിൽ യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഫ്രാൻസിസ് ദേവസ്യയും പൈനാവ് ഡിവിഷനിൽ ഉപാധ്യക്ഷൻ ടോണി തോമസും മത്സരിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. ഗ്രൂപ്പ് സമ്മർദത്തെ തുടർന്ന് സീറ്റുകൾ പരസ്പരം വെച്ച് മാറാൻ ഇരുവരോടും ജില്ലാ നേതൃത്വം നിർദ്ദേശിച്ചു. ഇത് അംഗീകരിക്കാൻ ജില്ലാ പ്രസിഡന്റ് തയ്യാറായില്ല. ആദ്യം നിശ്ചയിച്ച ഉപ്പുതറ ഡിവിഷനിൽ തന്നെ മത്സരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്. ഒടുക്കം ഹൈക്കമാന്റിന്റെ നേരിട്ടുള്ള ഇടപെടലിൽ ജില്ലാ നേതൃത്വത്തിനു വഴങ്ങാൻ ഫ്രാൻസിസ് അതൊക്കപറമ്പൻ നിർബന്ധിതനായി.
ആകെയുള്ള 16 ഡിവിഷനിൽ രണ്ടിടത്ത് സിറ്റ് ലഭിച്ചത് മികച്ച പ്രാധിനിത്യം ആണെന്നാണ് യൂത്ത് കോൺഗ്രസിന്റെ വിലയിരുത്തൽ. പക്ഷേ സീറ്റ് വീതം വയ്ക്കലിൽ പ്രവർത്തിച്ച ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളോടെ കോൺഗ്രസിനുള്ളിൽ എല്ലാ തലങ്ങളിലും അതൃപ്തി പുകയുന്നുണ്ട്