സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചനാ കേസ്: സരിത എസ് നായരുടെ രഹസ്യമൊഴിയെടുക്കും

സ്വപ്നയ്ക്ക് എതിരായ ഗൂഢാലോചന കേസിൽ സരിത എസ് നായരുടെ സാക്ഷിമൊഴിയെടുത്തിരുന്നു

Update: 2022-06-11 09:27 GMT
Editor : afsal137 | By : Web Desk
Advertising

സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചനാക്കേസിൽ സരിത എസ് നായരുടെ രഹസ്യ മൊഴിയെടുത്തേക്കും. ഇതുസംബന്ധിച്ച് അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും. സ്വപ്നയ്ക്ക് എതിരായ ഗൂഢാലോചന കേസിൽ സരിത എസ് നായരുടെ സാക്ഷിമൊഴിയെടുത്തിരുന്നു. ജോർജുമായി ഗൂഢാലോചന നടത്തിയെന്ന് സരിത മൊഴി നൽകി. ഫെബ്രുവരി മുതൽ ഗൂഡാലോചന നടന്നതായി അറിയാം. സ്വപ്നക്ക് നിയമ സഹായം നൽകുന്നത് ജോർജാണെന്നും സരിത മൊഴി നൽകി.

സരിതയുടെ വീട്ടിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. പി.സി ജോർജും സരിതയുമായി സംസാരിക്കുന്ന ഓഡിയോ നേരത്തേ പുറത്ത് വന്നിരുന്നു. ഗൂഢാലോചന കേസിൽ സരിതയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അമ്മയെ ശല്യം ചെയ്തു എന്നതടക്കം തനിക്കെതിരെ സ്വപ്ന ഉന്നയിച്ച മുഴുവൻ ആരോപണങ്ങളെയും സരിത തള്ളി. അതേസമയം, ഷാജ് കിരണിനേയും കേസിൽ പ്രതിയാക്കാനുള്ള നീക്കം അന്വേഷണസംഘം ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ഷാജിനൊപ്പം സുഹൃത്ത് ഇബ്രാഹിമിനേയും പ്രതിയാക്കിയേക്കും.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും പി.സി. ജോർജിനുമെതിരെ രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തിരുന്നു. കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആർ ഉൾപ്പെടെ ഫയലുകൾ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. കേസിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം അടുത്തയാഴ്ച യോഗം ചേരും.

എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൂടുതലായി ഉൾപ്പെടുത്തിയാണ് സംഘത്തിന് രൂപം നൽകിയത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കെ.ടി. ജലീൽ എം.എൽ.എ നൽകിയ പരാതിയനുസരിച്ചാണ് ബുധനാഴ്ച രാത്രി കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, കലാപമുണ്ടാക്കാനുള്ള ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സ്വപ്ന, പി.സി. ജോർജ് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത്

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News