വിവാദ ഫേസ്ബുക്ക് പോസ്റ്റ്; നിലപാടിൽ ഉറച്ച് നിൽക്കുന്നു, മനപ്രയാസം കൊണ്ടാണ് പോസ്റ്റിട്ടതെന്ന് ഡോ. ഹാരിസ് ചിറക്കൽ

ഹാരിസിന്റെ ആരോപണങ്ങൾ തള്ളി ആശുപത്രി ഡിഡിഇ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.

Update: 2025-06-28 12:14 GMT

തിരുവനന്തപുരം: വിവാദ ഫേസ്ബുക്ക് പോസ്റ്റിലെ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി ഡോ.ഹാരിസ് ചിറക്കൽ. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചാൽ പ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞതിനാലാണ് പോസ്റ്റ് പിൻവലിച്ചതെന്നും എന്നാൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. തനിക്കെതിരെ നടപടിയെടുക്കുന്നെങ്കിൽ എടുക്കട്ടെ ഭയപ്പെടുന്നില്ലെന്നും ഹാരിസ് പ്രതികരിച്ചു.

അങ്ങേയറ്റത്തെ മനഃപ്രയാസമുണ്ടായതിനാലാണ് ഫേസ്ബുക്ക് പോസ്റ്റിടാൻ തീരുമാനിച്ചത്. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണം എന്നതായിരുന്നു ഉദ്ദേശം. ഡിഎംഇ, മെഡിക്കൽ കോളജ് കൗൺസിലർ ഉൾപ്പടെയുള്ളവരെ കാര്യം അറിയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രിയുടെ പ്രൈവറ്റ സെക്രട്ടറി സജീവൻ നൽകിയ ഉറപ്പിന്മേലാണ് പോസ്റ്റ് പിൻവലിച്ചതെന്നും ഹാരിസ് വ്യക്തമാക്കി. ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ പ്രശ്‌നം നേരത്തെ അറിയിച്ചിരുന്നു. എല്ലാം ചെയ്തു തരാം എന്നതായിരുന്നു മറുപടി. ഏഴ്, എട്ട് മാസം മുമ്പേ അറിയിച്ചതാണ്. വീഴ്ചയാണോ ശ്രദ്ധിക്കാത്തതാണോ എന്നത് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ആശുപത്രിയിൽ ശസ്ത്രക്രിയ മുടങ്ങിയിട്ടില്ലെന്ന വാദം ഹാരിസ് തള്ളി. 'അനാവശ്യമായ കൗണ്ടർ പോയന്റുകൾ നിരത്തി പരാതികൾ അപ്രസക്തമാക്കുന്നു. ഉപകരണങ്ങൾ ആവശ്യപ്പെട്ട് മൂന്നുമാസം മുമ്പ് അപേക്ഷ നൽകിയിട്ടുണ്ട്. തുക അനുവദിച്ചിട്ടുണ്ടെങ്കിൽ സാധനം എത്തണ്ടേ. സാധനങ്ങൾ എത്തിച്ചുതരാം എന്നതായിരുന്നു സൂപ്രണ്ടുമായിട്ടുള്ള ധാരണ. ഇതിന് മുമ്പും ശസ്ത്രക്രിയകൾ മുടങ്ങിയിട്ടുണ്ട്. ഉപകരണങ്ങൾ ഇല്ലാത്ത പ്രശ്‌നം ഞാൻ മേധാവി ആകുന്നതിന് മുമ്പേ ഉണ്ടായിട്ടുള്ളതാണെന്നും ഒരുപാട് ഉപകരണങ്ങളുടെ കുറവുകൾ നിലവിൽ ഉണ്ട്' എന്നും ഹാരിസ് ആരോപിച്ചു.

ഹാരിസിന്റെ ആരോപണങ്ങൾ തള്ളി ആശുപത്രി ഡിഡിഇ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News